ആലുവ: ഒരാഴ്ചയ്ക്കുള്ളിൽ 2 ഒന്നാം സമ്മാനങ്ങളുമായി തായിക്കാട്ടുകര ഗ്രാമത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ എസ്എൻ പുരം തറയിൽ ടി.കെ. സുരേഷ് എടുത്ത എയു 750087 എന്ന ടിക്കറ്റിനു ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന സുരേഷ് കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കു പോകുമ്പോഴാണു നാട്ടുകാരനായ സ്മിജേഷിന്റെ പക്കൽ നിന്നു ടിക്കറ്റ് വാങ്ങിയത്. എഫ്എസിടിയിൽ താൽക്കാലിക ജീവനക്കാരനാണു സുരേഷ്.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനു പുറമേ 8000 രൂപ സമ്മാനമുള്ള 11 ടിക്കറ്റുകളും സ്മിജേഷ് ഇവിടെ തന്നെ വിറ്റിട്ടുണ്ട്.കഴിഞ്ഞയാഴ്ച വിൻവിൻ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചതു തായിക്കാട്ടുകരയിലെ ചുമട്ടുതൊഴിലാളി പി.എച്ച്. സുധീറിനായിരുന്നു.