IndiaNEWS

ഇറാൻ വിദേശകാര്യമന്ത്രി മോദിയെ കണ്ടു: നബി വിരുദ്ധ പ്രസ്താവന ചര്‍ച്ചയായെന്ന് ഇറാൻ

ദില്ലി: ദില്ലിയിലെത്തിയ ഇറാൻ വിദേശകാര്യകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും കണ്ടു. ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകളിൽ ഉന്നയിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. നബി വിരുദ്ധ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വിവാദമായ ശേഷം പ്രധാനമന്ത്രിയെ കാണുന്ന മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി.

Signature-ad

അതേസമയം ഇന്ത്യയ്ക്കെതിരെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിഷേധം നിരീക്ഷിക്കാനും തണുപ്പിക്കാനും എംബസികൾക്ക് വിദേശകാര്യമന്ത്രാലയ നിർദ്ദേശം. ഇന്ത്യ ഒരു മതത്തിനും എതിരല്ലെന്ന നിലപാട് ഭരണാധികാരികളെ അറിയിക്കാൻ വിദേശകാര്യ സെക്രട്ടറി നയതന്ത്രപ്രതിനിധികളോട് ആവശ്യപ്പെട്ടു.

ഇറാൻ കുവൈറ്റ് ഖത്തർ എന്നിവയ്ക്കു പുറമെ മലേഷ്യയും ഇറാഖും ഇന്നലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. തുർക്കിയും ഇന്ന് പ്രസ്താവനയിറക്കി. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന പ്രചാരണം ചില രാജ്യങ്ങളിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ നിരീക്ഷിക്കാൻ എംബസികൾക്ക് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വത്ര സന്ദേശം അയച്ചത്. വസ്തുത എന്താണെന്ന് നേതാക്കളെ അറിയിക്കണം. പൗരസമൂഹത്തെ ഇത് ബോധ്യപ്പെടുത്തണം എന്ന നിർദ്ദേശവും വിദേശകാര്യസെക്രട്ടറി നല്കി.

വിഷയത്തിൽ ഇന്ത്യ മാപ്പു പറയില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യാന്തര രംഗത്ത് ഇക്കാര്യം ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ പാകിസ്ഥാനും നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിരോധം തീർക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയത്.

അതേസമയം ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണിയുമായി അൽ-ഖ്വയ്ദ രംഗത്ത് എത്തി. ബിജെപി നേതാക്കളുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ ആക്രണമണം നടത്തുമെന്ന അൽഖ്വയ്ദയുടെ ഭീഷണി. യുപി ഗുജറാത്ത് ദില്ലി മുംബൈ എന്നിവിടങ്ങളിൽ ചാവേർആക്രമണം നടത്തും എന്നാണ് ഭീഷണി.

Back to top button
error: