ബിരിയാണിച്ചെമ്പില്‍ സ്വര്‍ണ്ണം തിളയ്ക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണ കമ്മീഷന്‍െ്‌റ കാലാവധി നീട്ടി സര്‍ക്കാര്‍
സ്വര്‍ണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യമന്ത്രിക്കെതിരായ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തലും വരുന്നതിനിടെയാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും ചൂടുപിടിക്കുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി സര്‍ക്കാര്‍. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്.
സ്വര്‍ണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ കമ്മീഷനെ വെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു. ഇതേ സ്വര്‍ണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യമന്ത്രിക്കെതിരായ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തലും വരുന്നതിനിടെയാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായ സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഏജന്‍സികളെ കൊണ്ടുള്ള അന്വേഷണം വഴി അതിവേഗം തിരിച്ചടിക്കുകയാണ്. വിജലന്‍സിനെയും പൊലീസിനെയും ജൂഡീഷ്യല്‍ കമ്മീഷനെയും ഉപയോഗിച്ചാണ് തിരിച്ചടിക്കാനുള്ള ശ്രമം.
സ്വപ്നയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ, വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷന്‍ കേസിന്‍െ്് പേരില്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ ഉള്‍പ്പെട്ട സരിത്തിനെ വിജിലന്‍സ് ഇന്നു രാവിലെ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍നിന്ന് നാടകീയമായി കൊണ്ടുപോയത് ഏറെ ചര്‍ച്ചയായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ലൈഫില്‍ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സര്‍ക്കാര്‍ ഇറക്കിയത് വിജിലന്‍സിനെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയതും വിവാദമായിരുന്നു. പിസിജോര്‍ജ്ജും ബിജെപിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന വാദം ഉയര്‍ത്തിയാണ് സിപിഎം ഇപ്പോഴത്തെ വിവാദങ്ങളെ പ്രതിരോധിക്കുന്നത്.