രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു.
താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെ പലരും വിളിച്ചുവെന്നും തനിക്ക് അത്തരം ലക്ഷ്യങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
പി.സി.ജോർജ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. താൻ എന്തോ എഴുതി നൽകിയിട്ടുണ്ടെന്ന ജോർജിന്റെ വാദം സ്വപ്ന തള്ളി. അങ്ങനെ എഴുതി നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
സരിത എസ്. നായർ പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ജയിലിൽ വച്ചോ പുറത്തുവച്ചോ അവരോട് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.