Breaking NewsNEWS

മാധ്യമങ്ങളെ കണ്ടപിന്നാലെ പോലീസ് എന്നവകാശപ്പെട്ട സംഘം എന്‍െ്‌റ ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയി: സ്വപ്ന

പാലക്കാട്: തന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന സുരേഷ്. ‘എന്റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്റെയും പേരിലുള്ള ഭീഷണി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായോ, പാലക്കാട്ടെ എന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്’, എന്ന് സ്വപ്ന സുരേഷ് പറയുന്നു. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പോലീസെന്നാണ് അവര്‍ അവകാശപ്പെട്ടത് – സ്വപ്ന പറയുന്നു. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത്. ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

സ്വപ്നയുടെ ആരോപണമിങ്ങനെ: ”സിസിടിവിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കോമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ എന്തും ചെയ്യാം കേരളത്തില്‍. എന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. പൊലീസെന്ന് പറഞ്ഞിട്ടാണ് അവര് വന്നത്.

യൂണിഫോമോ ഐഡി കാര്‍ഡോ അവര്‍ക്കുണ്ടായിരുന്നില്ല. ബില്‍ടെക് അവന്യൂ എന്ന് പറയുന്ന എന്റെ ഫ്‌ളാറ്റില്‍ നിന്നാണ് അവര്‍ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. ഇപ്പോഴാണ് അവര് സരിത്തിനെ കൊണ്ടുപോയത്. അവരെന്നെ ആക്രമിക്കാന്‍ തുടങ്ങുകയാണ്. രാവിലെ ഞാന്‍ മാധ്യമങ്ങളെ കണ്ട് പതിനഞ്ച് മിനിറ്റിന് ശേഷമാണിത്. അവര് പൊലീസല്ല. അവര് ഫോണ്‍ പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്ത് എവിടെയാണ് എന്നറിയില്ല. സരിത്തിന്റെ വീട്ടുകാര് ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ ടെന്‍ഷനടിക്കരുത്. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷന്‍ ഈ എന്‍ജിഒ കൊടുക്കും”, എന്ന് സ്വപ്ന.

ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നല്‍കിയത്. 2016-ല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറന്‍സി കടത്തി, കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങള്‍ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോള്‍ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്.

 

 

Back to top button
error: