KeralaNEWS

ഹൃദയാഘാതമുണ്ടായ ഗര്‍ഭിണിക്ക് അപൂര്‍വ ശസ്ത്രക്രിയ; രക്ഷപ്പെട്ടത് രണ്ടു ജീവന്‍

കണ്ണൂര്‍: ഹൃദയാഘാതമുണ്ടായ ഗര്‍ഭിണിക്ക് അപൂര്‍വമായ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത് രണ്ട് ജീവന്‍. അസമില്‍നിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കല്‍ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെരിമോര്‍ട്ടം സിസേറിയന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്.

ജ്യോതി സുനാര്‍ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാല്‍, ക്രമമായി ആസ്പത്രിയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവര്‍ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോള്‍ സ്ഥിതി സങ്കീര്‍ണമായിരുന്നു. അമ്നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേര്‍പെട്ടിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന് രക്തംകലര്‍ന്ന അമ്നിയോട്ടിക് ദ്രാവകത്തില്‍ ശ്വാസംകിട്ടാത്ത സ്ഥിതി.

ഉടന്‍ തിയറ്റര്‍ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോള്‍ യുവതിക്ക് അപസ്മാരലക്ഷണങ്ങള്‍ വന്നു. പെട്ടെന്ന് ഹൃദയസ്തംഭനവും. പെരിമോര്‍ട്ടം സിസേറിയന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നല്‍വേഗത്തില്‍ അനസ്തീഷ്യ നല്‍കാതെ ഓപ്പറേഷന്‍. കൂട്ടിന് ഡോക്ടര്‍മാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത ഉടന്‍ ഡോ. മൃദുല ശങ്കറിന്റെ ചുമതലയില്‍ സി.പി.ആര്‍., ഡിഫിബ്രില്ലേഷന്‍ എന്നിവയിലൂടെ അമ്മയുടെ ജീവനും രക്ഷിച്ചു. പിന്നീട് വിദഗ്ധ ചികിത്സ തുടര്‍ന്നു.
പെരിമോര്‍ട്ടം സിസേറിയനിലൂടെ അമ്മ രക്ഷപ്പെടാന്‍ 30 ശതമാനവും കുഞ്ഞ് രക്ഷപ്പെടാന്‍ 50 ശതമാനവും സാധ്യതയാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇവിടെ രണ്ട് ജീവനും രക്ഷിക്കാനായി. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമാണിത്.

ഡോ. ഷോണി തോമസ്, ഡോ. ഇ. തങ്കമണി, ഡോ. എസ്.ബി. വൈശാഖ്, ഡോ. മേജോ മത്തായി, ഡോ. മൃദുല ശങ്കര്‍, ഡോ. ആര്‍. പ്രിയ, നഴ്‌സിങ് ഓഫീസര്‍മാരായ സൗമ്യ രാജ്, വി.കെ. ഹസീന എന്നിവരടങ്ങിയ സംഘമാണ് അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവെച്ചത്. ഞായറാഴ്ച പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Back to top button
error: