സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടു. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ വെള്ളിയാഴ്ച വരെ കേരള, കർണാടക തീരങ്ങളിൽ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
കാലവർഷമെത്തി ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഇന്നലെ വരെ 98.4 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 51.4 മില്ലീമീറ്റർ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.