KeralaNEWS

കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തില്‍ നിന്ന് താഴോട്ട് വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍. ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വിനീതയെ ജാമ്യത്തില്‍വിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പാലം പണിയുടെ ചുമതലയുള്ള കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെ ഉള്ള പാലമാണ് അധികൃതരുടെ അശ്രദ്ധ മൂലം മരണക്കെണിയായത്. പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വരികയായിരുന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. സുഹൃത്ത് ആദര്‍ശ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഏരൂര്‍ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലില്‍ കരാര്‍ ജീവനക്കാരനായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ആറ് മാസത്തിലധികമായി പണി തുടരുന്ന പാലത്തില്‍ നിര്‍മ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകള്‍ മാത്രമായിരുന്നു. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയകാവില്‍ നിന്ന് എത്തിയ ബൈക്ക് യാത്രികര്‍ നേരെ പാലത്തില്‍ വന്ന് ഇടിച്ചത്.

തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്റെ വീഴ്ച ബോദ്ധ്യമായതോടെ തൃപ്പൂണിത്തുറ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. ജില്ലാ കലക്ടര്‍ പരിശോധിച്ചാണ് എഞ്ചിനീയര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കുമെന്നും സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിനീത ഉള്‍പ്പെടെ നാല് പേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിടുകയും സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Back to top button
error: