KeralaNEWS

‘തനിക്ക് കൊവിഡില്ല, പ്രചരിക്കുന്നത് തെറ്റായവിവരം; വാര്‍ത്ത തള്ളി വീണാ ജോര്‍ജ്

തിരുവനന്തപുരം: തനിക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ചന്ന വാര്‍ത്ത തള്ളിയ മന്ത്രി, തന്‍െ്‌റ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി. പകുതിയില്‍ അധികം കേസുകളും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മാസ്‌ക് ധരിക്കുന്നത് കൃത്യമായി തുടരാനും വാക്‌സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിര്‍ദേശം.

സംസ്ഥാനത്തും ആശങ്ക ഉയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പത്ത് ദിവസത്തിനിടെ ഇരട്ടി വളര്‍ച്ചയാണ് കൊവിഡ് കേസുകളിലുണ്ടായത്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പത്ത് ദിവസം മുന്‍പ് മെയ് 26 ന് കേരളത്തില്‍ 723 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. 4 പേര്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞു.

 

 

 

 

Back to top button
error: