NEWSWorld

ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാന്‍ സജ്ജം, രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി

ആഗോള വ്യാപകമായി പടർന്ന് പിടിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കുള്ള നിയന്ത്രങ്ങണൾ നീങ്ങിയതോടെ രണ്ട് വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി. ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘമാണ് ശനിയാഴ്ച്ച പ്രവാചക നഗരിയായ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

മക്കയിൽ നിന്നും മദീനയിലെത്തിയ അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളെയും, സിദ്ധീഖുൽ അക്ബർ (റ)വിനെയും സ്വീകരിച്ച് മദീനാ നിവാസികൾ പാടിയ പ്രസിദ്ധമായ
‘ത്വലഅൽ ബദ്റു അലൈനാ മിൻ സനിയ്യാത്തിൽ വദാഇ വജബ ശുക്റു അലൈനാ മാ ദആ ലില്ലാഹി ദാഈ’ യെന്ന ഈരടികളുരുവിട്ടും, ശുദ്ധമായ പനിനീർ ജലം തെളിച്ചും, പൂക്കളും സമ്മാനങ്ങളും നൽകിയുമാണ് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഥിയായ സന്തോഷമുണ്ടെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി പറഞ്ഞു. ഹജ്ജ് മന്ത്രാലയം, മദീന വിമാനത്തവള ഉദ്യോഗസ്ഥർ, ഇന്തോനേഷ്യൻ എംബസി ഉദ്യോഗസ്‌ഥർ എന്നിവർ ചേർന്നാണ് ആദ്യ സംഘത്തെ സ്വീകരിച്ചത്. പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന ഹജ്ജ് കർമ്മങ്ങളിൽ ഒരു ലക്ഷം പേരാണ് ഹജ്ജിനായി ഇന്തോനേഷ്യയിൽ നിന്നെത്തുന്നത്.

ഇന്തോനേഷ്യൻ സംഘത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘവും മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി രാവിലെ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട 377 മലയാളി ഹാജിമാരാണ് പുണ്യഭൂമിയിൽ എത്തിയത്.

Back to top button
error: