IndiaNEWS

2020-21 വർഷത്തിൽ ബിജെപിയുടെ വരുമാനത്തിൽ 80 ശതമാനം ഇടിവ്!

ദില്ലി:  2020-2021 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടിയായ ബിജെപിയുടെ വരുമാനം ഏകദേശം 80% കുറഞ്ഞെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) ബിജെപി സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് 21നാണ് ബിജെപി വാർഷിക റിപ്പോർട്ട് നൽകിയത്. തെരഞ്ഞടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

പൊതുതെരഞ്ഞെടുപ്പ് നടന്ന 2019 ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിൽ വലിയ കുറവുണ്ടായത്. 2019-2020 സാമ്പത്തിക വർഷത്തിൽ 3,623.28 കോടിയായിരുന്നു വരുമാനം. എന്നാൽ, 2020-2021 ൽ 752.33 കോടി രൂപയാണ് വരുമാനം. സാധാരണ സംഭാവന 577.97 കോടി രൂപയും ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 22.38 കോടി രൂപയുമാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നത്.  2019ൽ ഇലക്ട്രൽ ബോണ്ടുകൾ വഴിയായിരുന്നു ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. 2,555 കോടി രൂപയായിരുന്നു ലഭിച്ചത്.

2020-21 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ ചെലവും കുറഞ്ഞു. മൊത്തം 620.39 കോടി രൂപ ചെലവഴിച്ചു. 2019-2020ൽ 1,651.02 കോടി രൂപയാണ് ചെലവാക്കിയത്. 2019ൽ തെരഞ്ഞെടുപ്പ് ചെലവുകൾക്കാണ് കൂടുതൽ തുക ചെലവാക്കിയത് (421.01 കോടി രൂപ). 2020-ൽ കൊവിഡ് വ്യാപനത്തോടെ ചെലവ് വെട്ടിക്കുറച്ചു. ഏപ്രിലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2020-2021ൽ കോൺഗ്രസിന് ₹285.76 കോടി വരുമാനം ലഭിച്ചു.

Back to top button
error: