കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ ജനസഹസ്രങ്ങളെ ഇളക്കി മറിച്ച സംഗീത പരിപാടിക്കു ശേഷം മലയാളിയായ ബോളിവുഡ് ഗായകൻ കെ.കെയുടെ അപ്രതീക്ഷിത മരണം വിവാദങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ടിരിക്കുകയാണ്. ആ മരണത്തിൻ്റെ ഞെട്ടലിൽനിന്ന് സിനിമാ ലോകവും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. മാർച്ച് 31ന് കൊൽക്കത്തയിലെ സംഗീത പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായി മടങ്ങിയ കെ.കെ, പിന്നീട് താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീണാണ് മരിച്ചത്. പരിപാടി നടന്ന സ്റ്റേജിൽ മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾ അപ്പോഴേ ഉയർന്നിരുന്നു.
സംഭവദിവസം അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഗായിക സുബലക്ഷ്മി കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.
“നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അന്നു വൈകീട്ട് അഞ്ചരയോടെയാണ് കെ.കെ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ തിരക്കായിരുന്നു. സംഘാടകർ ജനക്കൂട്ടത്തെ ഒഴിവാക്കിയില്ലെങ്കിൽ കാറിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് ആദ്യം കെ.കെ പറഞ്ഞിരുന്നു…” ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുബ്ബലക്ഷ്മി പറയുന്നു.
“ഓഡിറ്റോറിയത്തിന് പിന്നിലെ ഗ്രീൻ റൂമിലേക്ക് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. എന്നെ ആവിടേക്ക് കയറ്റിയിരുന്നു. കുറച്ചുസമയം കെ.കെയുമായി സംസാരിച്ചു. അവിടെവച്ച് ഞങ്ങൾ ഒരു സെൽഫിയും എടുത്തു. ആ സമയത്തെല്ലാം ആദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.
സ്റ്റേജിലേക്കുള്ള വെളിച്ചം കുറയ്ക്കാൻ പരിപാടിക്കിടെ കെ.കെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസ്വസ്ഥതയുള്ളതായി കെ.കെ അപ്പോഴും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പരിപാടി നിർത്തിവയ്ക്കുമായിരുന്നു…” സുബ്ബലക്ഷ്മി പറഞ്ഞു.
കെ.കെയുടെ രക്തധമനികളിൽ വലിയ ബ്ലോക്ക് ഉണ്ടായിരുന്നു എന്നും ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുഴഞ്ഞുവീണ സമയത്ത് സി.പി.ആർ നൽകിയിരുന്നുവെങ്കിൽ കെ.കെയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു