KeralaNEWS

രണ്ട് മാസം നീണ്ട ആസൂത്രണം, വെളുത്ത വസ്ത്രം ധരിച്ചെത്തി നട്ടുച്ചയ്ക്ക് സ്വർണക്കടയിൽ മോഷണം; പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സമീപത്തെ സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം

കോഴിക്കോട്:∙ മിഠായിത്തെരുവിനു സമീപം മേലേപാളയം കമ്മത്തിലെയ്നിലെ സ്വർണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്കു കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. മണക്കടവ് സ്വദേശി പ്രണവ്, ചക്കുംകടവ് സ്വദേശി സര്‍ഫാസ്, പറമ്പില്‍ ബസാര്‍ സ്വദേശികളായ സുബീഷ്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിൻ്റ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സ്വര്‍ണക്കടയിലെ സ്റ്റാഫ്‌ പള്ളിയില്‍ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടര്‍ തുറന്ന് കയറി കടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.

രണ്ടുമാസം മുമ്പ് കടയുടമയുടെ വിശ്വസ്തനായി നടിച്ച്‌, താക്കോല്‍ നഷ്ടപ്പെട്ടെന്ന് അദ്ദേഹത്തെ വിശ്വസിപ്പിച്ചാണ് മോഷണത്തിന്റെ ആസൂത്രണത്തിന്റെ തുടക്കം. തുടര്‍ന്ന് സ്പെയര്‍ കീയാണ് ഉപയോഗിച്ചിരുന്നത്. വിശ്വസ്തനായി നടിച്ച്‌ സര്‍ഫാസ് കടയുടമ സ്വര്‍ണ്ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകല്‍ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തു.
രാത്രി പൊലീസ് പരിശോധനയുണ്ടാകും എന്നതിനാലാണ് സംഘം പകല്‍സമയം തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ കമ്മത്തി ലെയ്നിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാല്‍  സിസിടിവി ക്യാമറയില്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്ന് മനസിലാക്കിയ സര്‍ഫാസ് കൂട്ടാളികള്‍ക്ക് വിവരം കൈമാറിയിരുന്നു.

തുടര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും എത്തുന്നത് വരെ കാത്തിരിക്കാന്‍ സര്‍ഫാസ് സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫോണ്‍ ഉപയോഗിച്ചാല്‍ പൊലീസ് കണ്ടെടുത്തുമെന്നതിനാല്‍ പ്രത്യേക പദ്ധതിയും തയാറാക്കിയിരുന്നു. പ്രണവും സുബീഷും പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലിയുള്ളവരാണെങ്കിലും പെട്ടെന്ന് പണക്കാരായി ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.

അടുത്തുള്ള സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരിവാകുകയിയിരുന്നു. അതേകടയില്‍ വന്ന് ഗ്യാരണ്ടി ആഭരണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സിറ്റി ക്രൈം സ്ക്വാഡ് വിശദമായ പരിശോധന നടത്തിയപ്പോള്‍ അത് പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു. പ്രണവിൻ്റെ കാര്‍ മോഷണം നടന്ന ദിവസം രാവിലെ മുതല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തതും കടയുടെ എതിര്‍വശത്തെ സ്വര്‍ണ്ണക്കടയിലെ ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ മറച്ചു പിടിച്ചു. ക്യാമറകള്‍ അധികമില്ലാത്ത വഴി തെരഞ്ഞെടുത്തതും വസ്ത്രധാരണത്തിലെ പ്രത്യേകതയും ഡിവിആര്‍ അഴിച്ചെടുത്ത രീതിയും വിശകലനം ചെയ്തതോടെ സിറ്റി ക്രൈം സ്ക്വാഡിന് പ്രതിയിലേക്ക് അധികം ദൂരമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിൻ്റെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രീയമായ അന്വേഷണത്തില്‍ കവര്‍ച്ചയുടെ ചുരുളഴിയുകയായിരുന്നു.

കടയുടമയുടെ വിശ്വസ്തനായി നടിച്ച്‌ കവര്‍ച്ച ആസൂത്രണം ചെയ്ത് അതിവിദഗ്ധമായി നടപ്പിലാക്കിയെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ സര്‍ഫാസിന് അധികനേരം പിടിച്ച്‌ നില്‍ക്കാനായില്ല. തുടര്‍ന്ന് കവര്‍ച്ചാ രീതി വിശദമാക്കി. സുബീഷും പ്രണവും അഖിലും സര്‍ഫാസും ഒരു മാസമായി പിടിക്കപ്പെടാതെ എങ്ങനെ കവര്‍ച്ച ചെയ്യാമെന്ന് ആസൂത്രണം നടത്തിവരികയായിരുന്നു. കമ്മത്തി ലെയ്നില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത അഖിലാണ് കടയില്‍ കയറി മുന്‍ നിശ്ചയിച്ചതുപോലെ പറഞ്ഞ സ്ഥലത്തുള്ള സാധനങ്ങള്‍ മാത്രം മോഷ്ടിച്ച്‌ വന്നവഴിയേ രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് നഷ്ടപ്പെട്ട മുതലുകള്‍ പൊലീസ് കണ്ടെടുത്തു. ടൗണ്‍ എസ്‌ഐ ജയശ്രീയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: