NEWS

രാജ്യസഭയിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി ;6 പേർ ഉത്തർപ്രദേശിൽ നിന്ന്

ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് പട്ടിക പ്രഖ്യാപിച്ചത്.ആറ് പേര്‍ ഉത്തര്‍പ്രദേശില്‍നിന്നാണ് രാജ്യസഭയിലെത്തുക.

മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കും.

അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്.രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ പരസ്യമായി പ്രതിഷേധം അറിയിച്ചു.തന്‍റെ അയോഗ്യത എന്താണ് എന്നാണ് നഗ്മയുടെ ചോദ്യം.കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും നഗ്മ ട്വീറ്റ് ചെയ്തു.

Signature-ad

രാജീവ്‌ ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഛത്തീസ്‌ഗഢ് കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്.സീറ്റ് ലഭിക്കാത്തതില്‍ ജി 23 നേതാക്കളും അതൃപ്തിയിലാണ്.ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 10 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി പി. ചിദംബരത്തെ തന്നെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരോടൊപ്പം നെഹ്റു കുടുംബത്തോട് കൂറ് പുലര്‍ത്തുന്ന ജയറാം രമേശ്, പ്രമോദ് തിവാരി എന്നിവരും പത്തംഗ പട്ടികയില്‍ ഇടംപിടിച്ചു. സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായി ധാരണയാകാത്തതിനാല്‍ ജാര്‍ഖണ്ഡില്‍ പ്രഖ്യാപനം നീട്ടിവച്ചിരിക്കുകയാണ്.

 

 

ചെറുപ്പക്കാര്‍ക്ക് സംഘടനയിലും പാര്‍ലമെന്‍ററി രംഗത്തും പാതി സംവരണം പ്രഖ്യാപിച്ചെങ്കിലും ഇമ്രാന്‍ പ്രതാപ് ഗഡിയും രഞ്ജീത് രഞ്ജനും മാത്രമാണ് 50 വയസിനു താഴെയുള്ളവര്‍.മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും സീറ്റ് നിഷേധിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്.പലരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് സൂചന.

Back to top button
error: