കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി.ഡി.സതീശനെന്നും പി.രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് ചെയ്യണം. കോൺഗ്രസിനെ സ്നേഹിക്കുന്നവർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പി.രാജീവ് പറഞ്ഞു.
ജോ ജോസഫിന്റെ പേരിൽ വ്യാജ പേജ് ഉണ്ടാക്കി. അതിനെതിരെ പോലീസിൽ പരാതി നൽകി. അതിനുപിന്നാലെയാണ് അശ്ലീല വിഡിയോ പ്രചരിപ്പിച്ചത്. കെ.സുധാകരനെ ഇപ്പൊൾ പ്രചാരണ രംഗത്ത് കാണാനേ ഇല്ലെന്നും പി.രാജീവ് പറഞ്ഞു.കട്ടിലിനടിയിൽ ക്യാമറ വച്ചെന്ന സതീശന്റെ പരാമർശത്തിനും പി.രാജീവ് മറുപടി നൽകി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അനുസരിച്ച് ഉയരണം. പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വീഡിയോ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഒരേപോലെ കുറ്റകരമാണെന്ന് എം.സ്വരാജ് പറഞ്ഞു. സതീശൻ ഇതിനെ ന്യായീകരിക്കുകയാണ്. കോൺഗ്രസിനെ തുറന്നു കാണിക്കാൻ കിട്ടിയ അവസരം കൂടി ആണ് ഇതെന്നും സ്വരാജ് പറഞ്ഞു.