KeralaNEWS

പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്; നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കോട്ടയം: പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. സര്‍ക്കാരിന്‍റെ നാടകം പുറത്തായെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിത്. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് ഇന്നലെ പറഞ്ഞത്.

33 വർഷമായി നിയമസഭാംഗമായിരുന്ന  പി സി ജോർജ്  നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.

എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും  ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂ‍ജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവ‍ത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Back to top button
error: