എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിമതിയായ മകളുടെ മറുപടി അകത്തു നിന്നെത്തി. “എല്ലാം തയ്യാറാണ്, കുളി കഴിഞ്ഞു വരൂ” എന്നതായിരുന്നു അത്. 101 പേരെ ഊട്ടുക എന്നാൽ 101 ദേവതമാരുടെ പ്രീതി ലഭിക്കാനായുള്ള വൈശ്വദേവം ചടങ്ങാണെന്നും 108 കറി എന്നാൽ ആരോഗ്യ ഗുണങ്ങളും രുചി വൈവിധ്യവുമുള്ള
ഇഞ്ചിക്കറി ആണെ
ന്നും നേരിട്ട് പറയാതെ തന്നെ ആ മിടുക്കി മനസിലാക്കി. ഊണിനു ശേഷം മൂന്ന് പേരെ കഴിക്കണം എന്നുള്ളത് മുറുക്കലിനെയാണ് സൂചിപ്പിച്ചത്. നാല് പേർ ചുമക്കണമെന്നത് ഊണിനു ശേഷം കട്ടിലിൽ ഒന്ന് മയങ്ങണമെന്ന ലളിതമായ ആവശ്യവും. പരോക്ഷമായി പറഞ്ഞിട്ടും കാര്യങ്ങൾ മനസിലാക്കിയ ബുദ്ധിമതിയായ ഈ പെൺകുട്ടിയെ വരരുചി വിവാഹം ചെയ്യുകയും ചെയ്തു. വരരുചിയുടെയും പറയിപെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വാമൊഴിയായായും വരമൊഴിയായും കൈമാറിയപ്പോൾ രുചി ചോരാതെ ഇഞ്ചിക്കറിയും കൂടെപ്പോന്നു.
തലമുറകൾ കടന്നിട്ടും സദ്യയെങ്കിൽ ഇലത്തലയ്ക്കൽ ഇഞ്ചിക്കറി ഇപ്പോഴുമുണ്ട്. ഓണ വിഭവങ്ങളിൽ മുൻ നിരയിൽ തന്നെയാണ് തൊടുകറി രൂപത്തിലുള്ള ഈ വിഭവം. സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി നിർബന്ധമാണ്, പ്രത്യേകിച്ച് തിരുവിതാംകൂറുകാർക്ക്. മലബാർ ഭാഗത്ത് പുളിയിഞ്ചി എന്ന അല്പം വ്യത്യസ്തമായ വിഭവമാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്.
ഇഞ്ചിക്കറി ഉണ്ടാക്കുന്ന വിധം
1.ഇഞ്ചി- 250 ഗ്രാം
2.മല്ലി -രണ്ടു ടേബിള്‍സ്പൂണ്‍
3. കടുക് -കാല്‍ ടീസ്പൂണ്‍
4. നല്ലെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
5. വെളിച്ചെണ്ണ -രണ്ടു ടേബിള്‍സ്പൂണ്‍
6. വാളന്‍പുളി- പാകത്തിന്
7. ശര്‍ക്കര – പാകത്തിന്
8. കടുക് -കാല്‍ ടീസ്പൂണ്‍
9. ഉലുവ -ഒരു നുള്ള്
10. വറ്റല്‍ മുളക് (മുറിച്ചത്)-നാലെണ്ണം
11. പച്ചമുളക് – രണ്ടെണ്ണം
12. കറിവേപ്പില-ആവശ്യത്തിന്
13. കശ്‍മീരി മുളകുപൊടി – ഒരു ടീസ്പൂൺ
തയ്യാറാക്കേണ്ടത് ഇങ്ങനെ:
• ഇഞ്ചി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി വട്ടത്തിൽ ചെറുതായി അരിഞ്ഞെടുക്കണം. ഇത് വെളിച്ചെണ്ണയിൽ വറുത്ത് കോരണം. ഒരുപാട് ഇരുണ്ട നിറമാകാൻ അനുവദിക്കരുത്. ഇളം ബ്രൗൺ നിറമായി കഴിഞ്ഞാൽ ഇത് ഉടൻ എണ്ണയിൽ നിന്ന് മാറ്റണം. ചൂട് മാറിയാൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കണം.
• ശേഷം പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കണം. ഇഞ്ചി വറുത്തെടുത്ത എണ്ണ തന്നെ ഇതിനായി ഉപയോഗിക്കാം.
• ഇതിലേക്ക് വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ശേഷം തീ ഓഫ് ചെയ്ത ശേഷം കശ്‍മീരി മുളക് പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കണം.
• ശേഷം ഇതിലേക്ക് കുതിർത്ത പുളി പിഴിഞ്ഞെടുത്തത് ഒഴിക്കാം.ഒരു നാരങ്ങാ വലിപ്പത്തിൽ വേണം പുളിയെടുക്കാൻ. ഇത് നന്നായി തിളപ്പിച്ചെടുക്കണം. പുളിയുടെ പച്ച രുചി മാറും വരെ തിളപ്പിക്കണം.
• അടുത്തതായി വറുത്ത് പൊടിച്ചെടുത്ത ഇഞ്ചി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി കൊടുക്കണം. കുറുകി വരുന്ന സമയത്ത് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുക്കാം.മധുരം കുറവ് മതിയെങ്കിൽ ശർക്കരയുടെ അളവ് കുറയ്ക്കുക. ഒരുപാട് കുറുകുന്നതിന് മുൻപ് തീ ഓഫ് ചെയ്യാം.