ഫീസ് വാങ്ങരുതെന്ന് ഉത്തരവുണ്ടായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ ബിരുദധാരികളില്‍ നിന്നും ഇന്റണ്‍ഷിപ്പ് ഫീസ് ഈടാക്കുന്നതായി പരാതി. ഫീസ് ഈടാക്കരുതെന്ന് മാത്രമല്ല സ്റ്റൈപ്പന്റ് നല്‍കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവുള്ളപ്പോഴാണ് കേരളത്തിലെ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഈ ദുരവസ്ഥ.
ഈ കാര്യം ശ്രദ്ധയില്‍പ്പെട്ട ദേശീയ മെഡിക്കല്‍ കമ്മീഷന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ക്കും ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഇത് കേരളത്തില്‍ നടപ്പിലായില്ല.
വിദേശ മെഡിക്കല്‍ ബിരുദധാരികളില്‍ നിന്ന് 1,20,000 രൂപയും സ്വാശ്രയകോളജിലെ മെഡിക്കല്‍ ബിരുദധാരികളില്‍ നിന്ന് 60,000 രൂപയുമാണ് ഒരുവര്‍ഷം ഇന്റണ്‍ഷിപ്പ് ഫീസായി സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കുമ്പോഴാണ് മറ്റുള്ളവരോട് ഈ വിവേചനം.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം സ്റ്റൈപ്പന്റ് എല്ലാവര്ക്കും നല്‍കണമെന്നാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് കേട്ടഭാവം പോലും നടിക്കുന്നില്ല. ഫീസ് വാങ്ങാന്‍ ഉത്തരവിട്ട സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഫീസ് വാങ്ങരുതെന്ന ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.
2021 നംവബര്‍ മുതല്‍ ഉത്തരവുകള്‍ തുടര്‍ച്ചയായി ഇറങ്ങുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലയെന്ന് നിലപാടിലാണ് ആരോഗ്യമന്ത്രിയും കൂട്ടരും. ചില സര്‍ക്കാര്‍ ആശുപത്രികളില്‍ ഫീസിനെതിരെയോ സ്റ്റൈപ്പന്റിന് വേണ്ടിയോ സമരം പോലുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്ന് എഴുതി വാങ്ങിച്ച ശേഷം മാത്രമേ ഇന്റണ്‍ഷിപ്പിന് അനുവദിക്കുകയുള്ളൂവെന്ന് ഓള് കേരളാ ഫോറിന് മെഡിക്കല്‍ അസോസിയേഷന് ആരോപിക്കുന്നു.