NEWS

കോട്ടയത്തെ തുരങ്കപ്പാത വഴി അവസാന ട്രെയിനും കടന്നുപോയി

കോട്ടയം: തുരങ്കങ്ങളിലൂടെയുള്ള  കോട്ടയം യാത്രാനുഭവം അവസാനിച്ചു.കോട്ടയം തുരങ്കപ്പാത വഴിയുള്ള അവസാന ട്രെയിൻ ഇന്നു രാവിലെ കടന്നുപോയി. തിരുനൽവേലിയിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന പാലരുവി എക്സ്പ്രസാണ് തുരങ്കപ്പാത വഴി കടന്നുപോയ അവസാന ട്രെയിൻ.
രാവിലെ ലൈൻ ബ്ലോക്ക് ചെയ്യുന്നതിനു തൊട്ടു മുൻപാണു പാലരുവി കടന്നുപോയത്. ഇതിനു ശേഷം മുട്ടമ്പലത്തെ പുതിയ ലൈൻ പഴയ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.ഒരു പാളമാകും ആദ്യ ഘട്ടത്തിൽ മുട്ടമ്പലത്ത് ഒരുക്കുന്നത്.ലൈൻ ബ്ലോക്കിനു ശേഷം വൈകിട്ട് വരുന്ന ആദ്യ ട്രെയിൻ തുരങ്കം ഒഴിവാക്കി മുട്ടമ്പലത്തെ പുതിയ ലൈൻ വഴി എത്തുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആയിരിക്കും പുതിയ ലൈൻ വഴി എത്തുന്ന ആദ്യ ട്രെയിൻ.
ഇതിനുശേഷം പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നു വരുന്ന ലൈനുകളും പുതിയതായി സ്ഥാപിച്ച ലൈനും തമ്മിൽ യോജിപ്പിക്കുന്ന നടപടികൾ നടക്കും.ഇതാണ് ചിങ്ങവനം–ഏറ്റുമാനൂർ പാതയിലെ അവസാനജോലി.ഇതു ബന്ധിപ്പിക്കുന്നതോടെ ഇരട്ടപ്പാതയിലൂടെ വണ്ടികൾ ഓടിത്തുടങ്ങും.29നു വൈകിട്ട് ആറോടെ ജോലികൾ തീരുമെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ മുതൽ കോട്ടയത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോം മാത്രമാണു പ്രവർത്തിക്കുന്നത്.29നു പാത കമ്മിഷൻ ചെയ്യുന്നതു വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോം വഴി മാത്രമാകും ട്രെയിനുകൾ കടന്നുപോകുക.
ഷെഡ്യൂൾ പ്രകാരമുള്ള ജോലികൾക്ക് ഇടയിൽ ഒരു ദിവസം ലൈൻ ബ്ലോക്ക് നൽകാതിരുന്നതാണ് 28നു പ്രഖ്യാപിച്ച കമ്മിഷനിങ് ഒരു ദിവസം കൂടി മുന്നോട്ടു നീണ്ടത്.പാത പരിശോധിച്ച കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (സിആർഎസ്) അന്തിമ റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Back to top button
error: