ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നേടിയ നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ട്രാവൽ ഉടമയെ മലപ്പുറത്ത് കൽപ്പകഞ്ചേരി പൊലീസ് പിടികൂടി.കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ നിസാർ ആണ് പിടിയിലായത്. തിരൂർ മംഗലം സ്വദേശി ദിനാൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ട്രാവൽസ് അടച്ചുപൂട്ടി വിദേശത്തേക്ക് മുങ്ങിയ പ്രതി, രണ്ടാഴ്ചമുമ്പ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് സൈബർസെല്ലിൻ്റെ സഹായത്തോടെ കൽപ്പകഞ്ചേരി സി ഐ പി.കെ ദാസും സംഘവും പ്രതിയെ പിടികൂടിയത്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് 50,000 രൂപയാണ് ദിനാലിൽ നിന്നും നിസാർ വാങ്ങിയത്. പ്രതിക്കെതിരെ സമാനമായ പതിനാല് പരാതിയാണ് കൽപ്പകഞ്ചേരി സ്റ്റേഷൻ ലഭിച്ചത്. കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, തൊഴുവാനൂർ, തെക്കൻ കുറ്റൂർ, കുറുമ്പത്തൂർ, കോട്ടയ്ക്കൽ,താനൂർ, ചെറിയമുണ്ടം, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് പരാതിക്കാരിൽ ഏറെയും.
ഇവരിൽ നിന്നായി നിസാർ പത്ത് ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തു എന്നാണ് വിവരം. വിദേശരാജ്യങ്ങളിൽ നല്ല പിടിപാട് ഉണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കി തരാം എന്നും വിശ്വസിപ്പിച്ചാണ് നിസാർ ആളുകളെ വഴിയിൽ വലയിൽ വീഴ്ത്തിയത്. സുഹൃത്തുക്കൾ വഴിയും പരിചയക്കാർ വഴിയും മറ്റുമാണ് ഇയാൾ ആളുകളെ കണ്ടെത്തിയത്. വാട്സ്ആപ്പിലൂടെ പരസ്യവും ചെയ്തിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റടിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും സി.ഐ പി കെ ദാസ് പറഞ്ഞു.സി.പി.ഒ മാരായ എ.പി ശൈലേഷ്, ജി.ഷിബു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്, തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.