NEWS

ശുചിമുറി നിർമ്മിക്കാൻ ചെന്നു; വീട് തന്നെ വച്ചു നൽകി യുവാക്കൾ

എരുമേലി : ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയും സ്കൂളിൽ പഠിക്കുന്ന അനിയത്തിയും സഹോദരനും ഉൾപ്പടെ അഞ്ചംഗ നിർധന കുടുംബം കഴിഞ്ഞിരുന്നത് ചോർന്നൊലിക്കുന്ന പൊളിഞ്ഞു വീഴാറായ ഷെഡിൽ.ശുചി മുറി പോലുമില്ലാതെ കഴിഞ്ഞ ഇവർക്ക് സൗജന്യമായി ശൗചാലയം നിർമിക്കാൻ ചെന്ന യുവാക്കൾ ദുരിതാവസ്ഥ കണ്ട് നിർമിച്ചത് എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്.എരുമേലിയിലെ കണമലയ്ക്കടുത്ത എയ്ഞ്ചൽ വാലിയിലാണ് സംഭവം.സമീപവാസി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഷെഡിൽ കഴിഞ്ഞ കുടുംബത്തിനാണ് യുവാക്കളുടെ ശ്രമഫലമായി പുതിയ വീട് തയ്യാറായിരിക്കുന്നത്.
ബിനു മറ്റക്കര, ഷെഹിം വിലങ്ങുപാറ  എന്നിവരുടെ നേതൃത്വത്തിൽ എരുമേലിയിലെ യൂത്ത് കെയർ പ്രവർത്തകർ ആണ് വീടിന്റെ നിർമാണം നടത്തിയത്.ഏറെ ശ്രമകരമായിരുന്നു വീട് നിർമാണം.ഏറെ ദുർഘടമായ സ്ഥലമായതിനാൽ കല്ലും മണ്ണും ഇഷ്‌ടികയും സിമന്റും ഉൾപ്പടെ സാധനങ്ങൾ ചുമന്നാണ് എത്തിച്ചത്. സാധനങ്ങൾ ഉൾപ്പടെ സൗജന്യമായി സഹായങ്ങൾ സുമനസുകളിൽ നിന്ന് ലഭിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ആണ് വീടിന്റെ തറക്കല്ലിട്ടത്.

Back to top button
error: