CrimeNEWS

വിസ്മയ ജീവനൊടുക്കിയ കേസിൽ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ; ജാമ്യം റദ്ദാക്കി

കൊല്ലം:  സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത് ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.
മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺ കുമാർ. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. വിധി പ്രസ്താവം നടക്കുമ്പോൾ കിരൺ കുമാറിനേയും കോടതിയിലെത്തിച്ചിരുന്നു.

വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ സജിത വീട്ടിലിരുന്നാണ് വിധി കേട്ടത്.

Signature-ad

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

മോട്ടോർവാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ 2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയയെ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിയാണെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. വിസ്താരത്തിനിടെ, പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ കൂറുമാറി.

കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.

Back to top button
error: