CrimeNEWS

അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍; വായിച്ചവരെ ഞെട്ടിച്ച് ‘ആത്മഹത്യകുറിപ്പ്’.!

ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ വസന്ത് വിഹാറിലെ ഒരു ഫ്‌ളാറ്റിൽ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍. ശനിയാഴ്ച വൈകുന്നേരമാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 8.55 ന് വസന്ത് വിഹാറിലെ വസന്ത് അപ്പാർട്ട്‌മെന്‍റിലെ ഫ്ലാറ്റ് നമ്പർ 207 ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നും അയല്‍വാസികള്‍ പോലീസിന് വിവരം നല്‍കി. തുടര്‍ന്നാണ് പൊലീസ് എത്തി ഫ്ലാറ്റ് പരിശോധിച്ചത്. പോലീസ് വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ ഭാഗികമായി തുറന്ന നിലയില്‍ കാണപ്പെട്ടു. ഒപ്പം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു.

Signature-ad

അകത്തെ മുറി പരിശോധിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്നതും കണ്ടെത്തി. ശ്വാസം മുട്ടിയാണ് ഇവർ മരിച്ചതെന്നാണ് അനുമാനമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) മനോജ് സി പറഞ്ഞു. മഞ്ജുവും മക്കളായ അൻഷികയും അങ്കുവുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊറോണ ബാധിച്ച് മഞ്ജുവിന്റെ ഭർത്താവ് മരിച്ചിരുന്നു, അന്നുമുതൽ കുടുംബം വിഷാദത്തിലായിരുന്നു. ഇതും മഞ്ജുവിന്റെ അസുഖവും സാമ്പത്തിക പ്രതിസന്ധിയും മരണത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ആത്മഹത്യയ്ക്ക് ശേഷം വീട് പരിശോധിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുന്ന രീതിയിലായിരുന്നു ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നത്. ഞെട്ടിക്കുന്ന രീതിയിലുള്ള ആത്മഹത്യ രീതി വെളിപ്പെടുത്തുന്നതാണ് ആത്മഹത്യ കുറിപ്പുകളില്‍ ഒന്ന് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പുകളിലൊന്ന് ഇങ്ങനെയായിരുന്നു: “വളരെയധികം മാരകമായ വാതകമായ കാർബൺ മോണോക്സൈഡാണ് ഉള്ളിൽ ഉള്ളത്. അത് കത്താന്‍ സാധ്യതയുണ്ട്. ദയവായി അകത്ത് കയറുന്നവര്‍ ജനൽ തുറന്ന് ഫാൻ ഇട്ട് മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കണം. തീപ്പെട്ടിയോ, മെഴുകുതിരിയും കത്തിക്കരുത്. കർട്ടൻ നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കുക, കാരണം മുറിയിൽ അപകടകരമായ വാതകം നിറഞ്ഞിരിക്കുന്നു. ദീര്‍ഘശ്വാസം എടുക്കരുത്” – ഇങ്ങനെയാണ് നിര്‍ദേശങ്ങള്‍.

      • ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

Back to top button
error: