NEWS

കട്ടപ്പുറത്തായ 620 നോൺ എ.സി.ജന്റം ബസുകൾ പൊളിക്കും; 300 എണ്ണം കടകളാക്കും, ബാക്കി ആക്രി വിലയ്ക്ക്

കൊച്ചി: തേവര യാർഡിൽ തുരുമ്പെടുത്തുനശിക്കുന്ന ജന്റം എ.സി.-നോൺ എ.സി. വോൾവോ ബസുകൾക്ക് ശാപമോക്ഷം.
നോൺ എ.സി. ബസുകൾ 920 എണ്ണം പൊളിച്ചുവിൽക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതിൽ 620 ബസുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി. വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓൺ വീലാക്കും.സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളിൽ 300 എണ്ണത്തിന്റെ ലേല നടപടികൾ അന്തിമ ഘട്ടത്തിലാണ്.സ്ക്രാപ്പ് ചെയ്ത ബസുകളുടെ എൻജിനും അനുബന്ധ സാമഗ്രികളും മറ്റ് ബസുകളിൽ ഉപയോഗിക്കും.
രണ്ടു വർഷമായി ഓടാതെ തേവര യാർഡിൽ ഇട്ടിരിക്കുന്ന ബസുകളാണ് പരിശോധനയ്ക്കുശേഷം ഹൈക്കോടതി നിർദേശപ്രകാരം വിൽക്കാൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സി എൻജിനീയർമാർ, മോട്ടോർവാഹന വകുപ്പ്, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ അധ്യാപകർ എന്നിവർ അടങ്ങുന്ന സമിതിയാണ് വാഹനങ്ങൾ പരിശോധിച്ചത്.ഇവ പൊളിച്ച് നന്നാക്കണമെങ്കിൽ ചുരുങ്ങിയത് 45 ലക്ഷം രൂപ വരെ ചെലവാകും.
 നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയുടെ ഒന്നാംതരം ഉദാഹരണമായിരുന്നു തുരുമ്പിച്ചുനശിക്കുന്ന ബസുകൾ.കെ.യു.ആർ.ടി.സി. എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ജന്റം ബസുകൾ ഓടിയിരുന്നത്.
കോവിഡിന് മുമ്പുതന്നെ ജന്റം സർവീസ് താളംതെറ്റിയിരുന്നു. അറ്റകുറ്റപ്പണിക്ക് ചെലവു കൂടുതലാണെന്നതും സ്പെയർപാർട്സ് ലഭിക്കുന്നില്ലെന്നുമാണ് കെ.യു.ആർ.ടി.സി. കാരണമായി പറയുന്നത്.
ഒരു ലിറ്റർ ഡീസലിന് രണ്ടു കിലോമീറ്ററാണ് ജന്റം ബസ് ഓടുക. ഈ വരുമാനം ബസുകളുടെ പരിപാലനച്ചെലവിനു പോലും തികയില്ലെന്നാണ് അധികൃതർ പറയുന്നത്. യാത്ര സുഖകരമല്ലാത്തതിനാൽ ജനങ്ങളും ഇതിനെ കൈയൊഴിഞ്ഞു. നഗരയാത്രയ്ക്കുള്ള ബസുകൾ ദീർഘദൂരയാത്രയ്ക്ക് ഉപയോഗിച്ചതും നഷ്ടം വർധിപ്പിച്ചു.
അതേസമയം കൊട്ടിഘോഷിച്ച് കൊച്ചിയുടെ നിരത്തിലിറക്കിയ ബസുകളിലേറെയും വേണ്ടസമയത്ത് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാലാണ്  നശിച്ചതെന്ന ആരോപണവും ശക്തമാണ്. നഗരസഭ ആവശ്യപ്പെട്ടെങ്കിലും മേൽനോട്ടച്ചുമതല സർക്കാർ കെ.യു.ആർ.ടി.സി.ക്ക് നൽകുകയായിരുന്നു.

Back to top button
error: