സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം. സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനത്തെ പിന്തുണച്ചുള്ള 2021ലെ വിധി പുനഃപരിശോധിക്കാന്‍ സൈറസ് മിസ്ത്രിയുടെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് മിസ്ത്രിക്കെതിരെ നടത്തിയ ചില മുന്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചിലെ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും പ്രസ്തുത ഉത്തരവിലെ തനിക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മിസ്ത്രി പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എസ്പി ഗ്രൂപ്പിന്റെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ചില പരാമള്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സമ്മതമാണെന്ന് ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മിസ്ത്രിയെ പുറത്താക്കിയ ടാറ്റ സണ്‍സിന്റെ നടപടി സുപ്രീം കോടതി അംഗീകരിക്കുകയും, അദ്ദേഹത്തെ തിരിച്ചെടുത്ത കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലാണു നാടകീയമായ നീക്കങ്ങളിലൂടെ മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു നീക്കിയത്. കമ്പനിയുടെ ഓഹരിയുടമകളും പിന്നീട് ടാറ്റ സണ്‍സിന്റെ തീരുമാനങ്ങളോട് യോജിച്ചിരുന്നു.
2016 ഡിസംബറില്‍ മിസ്ത്രി, തനിക്ക് സ്വാധീനമുള്ള രണ്ട് നിക്ഷേപ സ്ഥാപനങ്ങളായ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും, സ്റ്റെര്‍ലിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും വഴി ടാറ്റ സണ്‍സിന്റെ കെടുകാര്യസ്ഥത ആരോപിച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എന്‍സിഎല്‍എടി) സമീപിക്കുകയായിരുന്നു. ഇതോടെയാണ് നിയമപോരാട്ടങ്ങള്‍ക്കു തുടക്കമായത്. 2019 ഡിസംബറില്‍ കമ്പനി ലോ ട്രൈബ്യൂണല്‍ മിസ്ത്രിയെ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി പുനഃസ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി ലോ ട്രൈബ്യൂണലിന്റെ വിധിയെ ടാറ്റ സണ്‍സ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. മാര്‍ച്ചില്‍ സുപ്രീം കോടതി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി. രത്തന്‍ ടാറ്റയുമായുള്ള പ്രശ്നങ്ങളായിരുന്നു മിസ്ത്രിയെ പുറത്തേയ്ക്കു നയിച്ചത്. ടാറ്റ കുടുംബത്തിനു പുറത്തുനിന്നു കമ്പനിയുടെ നേതൃസ്ഥാനത്തെത്തിയ ആദ്യ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി.