ജോമോനും ജോമോളും.. ജോ&ജോ
ഹോമിയോ വിഷ ചികിത്സ ചെയ്യുന്ന ബേബിയുടെയും ലില്ലിയുടെയും മക്കളാണ് ജോമോനും ജോമോളും. പരസ്പരം കണ്ടാൽ അടികൂടുന്ന രണ്ട് പേർ. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ ക്ലാസും ട്യൂഷനും ഒക്കെയായി വീട്ടിൽ തന്നെയാണ് ജോമോൾ. അതിന്റേതായ ബുദ്ധിമുട്ടുകൾ അവൾക്കുണ്ട്. എന്നാൽ കൂട്ടുകാരൊത്ത് കറങ്ങാനും ചൂണ്ടയിടാനുമൊക്കെ ജോമോൻ പോകാറുണ്ട്.
ലോക്ക്ഡൗൺ കാലത്തെ കൗമാരക്കാരുടെ ജീവിതം വളരെ രസകരമായി, ബോറടികൂടാതെ പകർത്തിയ ചിത്രമാണ് ‘ജോ & ജോ’. ലളിതമായ കഥാതന്തുവാണെങ്കിലും കാഴ്ചകളെ വിരസതയില്ലാതെ പകർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിരികാഴ്ചകൾ മാത്രമല്ല ‘ജോ & ജോ’. കഥ ആവശ്യപ്പെടുന്നിടത്ത് കൃത്യമായ രാഷ്ട്രീയം പ്ലേസ് ചെയ്തുകൊണ്ട് ചിന്തിപ്പിക്കുന്നുമുണ്ട് ചിത്രം.
ആദ്യ ഒരുമണിക്കൂറിന് മുൻപ് തന്നെ ഇടവേള എത്തുന്നു. പിന്നീട്, ചെറിയൊരു കോൺഫ്ലിക്ട് നൽകികൊണ്ട് കഥ വികസിക്കുന്നു. വളരെ രസകരമായ ക്ലൈമാക്സും നൽകി സിനിമ അവസാനിക്കുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ വിജയത്തിന് ശേഷം അതേ പാറ്റേണിൽ ഒട്ടേറെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവയിൽ പലതും പരാജയമാണ്. എന്നാൽ ഇവിടെ, കഥയും കഥാപരിസരവും പ്രേക്ഷകനുമായി കണക്ട് ആവുന്നു. ഒപ്പം നിറഞ്ഞു ചിരിക്കാനുള്ള ഒട്ടേറെ രംഗങ്ങളും സിനിമ സമ്മാനിക്കുന്നു.
‘തണ്ണീർ മത്തൻ ദിനങ്ങളി’ലെ അതേ മാത്യുവിനെയാണ് നമ്മൾ ഇവിടെയും കാണുന്നത്. അതേ എടുത്തുചാട്ടവും ആശങ്കയും ഇവിടെയുമുണ്ട്. എന്നാൽ കൂട്ടുകാരായെത്തിയ നസ്ലെനും മെൽവിനും ഗംഭീര പ്രകടനവുമായി മുന്നിട്ട് നിൽക്കുന്നു. ഇമോഷണൽ സീനുകളിലടക്കം നിഖില വിമലും മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നു.
അൻസർ ഷായുടെ ഫ്രെയിമുകൾ വളരെ സുന്ദരമാണ്. സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ ഗോവിന്ദ് വസന്തയുടെ ഗാനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു. ‘എള്ളോളംതരി’ റീമാസ്റ്റഡ് വേർഷൻ തിയേറ്ററിൽ കേൾക്കാൻ രസകരമായിരുന്നു. ലളിതമായ കഥയിൽ മുഴച്ചുനിൽക്കാത്തവിധം കൃത്യമായ രാഷ്ട്രീയം ഉൾകൊള്ളിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രണയം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം എന്നിവയെപറ്റി സിനിമ സംസാരിക്കുന്നു.