കഥയിലോ സിനിമയിലോ ആവിഷ്ക്കരിച്ചിരുന്നെങ്കിൽ അവശ്വസിനീയം എന്ന് പറയുമായിരുന്നു ഏവരും. പക്ഷേ ഇത് കഥയല്ല ജീവിതമാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിൽ 36 വർഷം എന്തിനും പോന്ന പുരുഷനായി ജീവിച്ച ‘മുത്തു’ ഇപ്പോൾ പറയുന്നു, താൻ മുത്തുവല്ല പേച്ചിയമ്മാൾ എന്ന സ്ത്രീയാണെന്ന്, ലൈംഗികാതിക്രമങ്ങൾ ചെറുക്കാനാണ് ഇത്ര ദീർഘകാലം പുരുഷനായി ജീവിച്ചതെന്ന്.
മൂന്നര പതിറ്റാണ്ടിലേറെയായി ‘മുത്തു’ എന്ന പേരിൽ ഗ്രാമീണർക്കു പരിചിതനായ താൻ എസ്. പേച്ചിയമ്മാളാണെന്ന് അവർ തന്നെ വെളിപ്പെടുത്തിപ്പോൾ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികൾ ഒന്നടങ്കം ഞെട്ടി.
പേച്ചിയമ്മാൾ ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി. വിവാഹം കഴിഞ്ഞ് 15–ാം നാൾ ഭർത്താവ് ശിവ മരിക്കുമ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നതോടെ വേറെ വിവാഹം വേണ്ടെന്നു തീരുമാനിച്ച് ജീവിതം മകൾക്കായി മാറ്റിവച്ചു. ജോലി ചെയ്ത ഇടങ്ങളിൽ നിന്നു ലൈംഗിക ആക്രമണം നേരിടേണ്ടി വന്നതോടെ പുരുഷനായിക്കഴിയുന്നതാണു സുരക്ഷിതമെന്ന് ഉറപ്പിച്ചു. തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിൽ ചെന്ന് മുടി പറ്റെ വെട്ടി. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും സ്ഥിരം വേഷമാക്കി. അങ്ങനെ പേച്ചിയമ്മാൾ മുത്തുവായി. 36 വർഷം മുൻപു സ്വന്തം സ്വത്വം ഉപേക്ഷിച്ച് പുരുഷവേഷം സ്വീകരിച്ച രഹസ്യം 57–ാം വയസ്സിലാണ് പേച്ചിയമ്മാൾ പുറത്തുവിട്ടത്.
കാട്ടുനായ്ക്കൻപട്ടിയിൽ വന്ന് ‘മുത്തു’ താമസമാക്കിയത് 20 വർഷം മുൻപാണ്. പെയിന്റിങ് ജോലിയും കെട്ടിടം പണിയും ചെയ്തും ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കിയും ‘പുരുഷ’നായിത്തന്നെ അവിടെ ജീവിച്ചു. ഒരു വർഷം മുൻപു ലഭിച്ച തൊഴിലുറപ്പു പദ്ധതി രേഖയിൽ ഒഴികെ, ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ളവയിൽ പേര് ‘മുത്തു’ തന്നെ. സത്യം അറിയാമായിരുന്നത് മകൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രം. എല്ലുമുറിയെ ജോലി ചെയ്ത് സമ്പാദിച്ച പണം സ്വരൂപിച്ച് വച്ച് മകളെ വിവാഹം കഴിപ്പിച്ചു. ഇപ്പോൾ സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. വിധവാ സർട്ടിഫിക്കറ്റും ലഭിക്കാനിടയില്ല. സ്വന്തം ആരോഗ്യം മോശമായതോടെയാണ് താൻ ‘മുത്തു’വല്ല പേച്ചിയമ്മാൾ ആണെന്ന രഹസ്യം വെളിപ്പെടുത്തിയതെന്ന് അവർ സാക്ഷ്യപെടുത്തുന്നു.