പെൺവിലക്ക് വിവാദത്തിൽ സമസ്തയെ പിന്തുണച്ചും ന്യായീകരിച്ചും പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരിത്രം അറിയാവുന്നവർക്ക് അറിയാം. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും വലിയ മുന്നേറ്റമുണ്ടാക്കി. അവർ എഞ്ചിനിയറിംഗ് കോളജുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പെൺകുട്ടി സമസ്തയുടെ വേദിയിൽ അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാകില്ല. പെൺകുട്ടി വരുന്നതിന് മുൻപ് അബ്ദുള്ള മുസ്ലിയാർ തടഞ്ഞില്ല. പെൺകുട്ടി തിരിച്ച് പോയതിന് ശേഷമാണ് കാര്യം പറഞ്ഞത്.
പെൺകുട്ടിക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് മാറ്റി നിർത്തിയത്. പെൺകുട്ടിയ്‌ക്കോ അവളുടെ ബന്ധുക്കൾക്കോ പരാതിയില്ല. മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ വിളിക്കരുതെന്നാണ് സമസ്തയുടെ തീരുമാനം. കുട്ടികളുടെ രക്ഷിതാക്കളെയും അധ്യാപകരേയും വിളിച്ചാണ് സമ്മാനം നൽകാറ്. പെൺകുട്ടികൾ മറയ്‌ക്കപ്പുറം നിന്നാണ് പരിപാടിയിൽ പങ്കെടുക്കാറ്.
പെൺകുട്ടിയെ പൊതുവേദിയിൽ നിന്ന് മാറ്റുന്നതിൽ ഗുണങ്ങളുണ്ട്. വേദിയിൽ സ്ത്രീകളും പുരുഷന്മാരും ഇടപഴകുന്ന രീതി സമസ്തയിലില്ല. സമസ്ത ഒരു മത സംഘടനയാണ്. മതപരമായ കാര്യങ്ങൾ വിശ്വാസം എന്നിവ പാലിക്കും. നിയമത്തിന് എതിരായി ഒന്നും ചെയ്തിട്ടില്ല. പെൺകുട്ടികളെ പൊതുവേദിയിൽ നിന്നും ഒഴിവാക്കുന്നത് ഗുണം ചെയ്യും. സമസ്തയുടെ പ്രവർത്തനം കാലോചിതമാണ്, സമസ്ത മാറണമെന്ന് പറയാൻ പുറത്തുള്ളവർക്ക് അധികാരമില്ല.
സമസ്തയ്‌ക്ക് എതിരായി ഈ വിവാദത്തെ ചിലർ ഉപയോഗിച്ചു. എതിരായി സംസാരിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. സമസ്ത ഒരു കാലത്തും തീവ്ര നിലപാടുകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബാലാവകാശ കമ്മീഷൻ കേസ് ഒക്കെ സ്വാഭാവികമാണെന്നും നേതാക്കൾ പറഞ്ഞു.