HealthNEWS

കുട്ടികളുടെ കാഴ്ചാപ്രശ്‌നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ

കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം.

1. ആയാസം കുറയ്ക്കുക

Signature-ad

സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു.

2. വെളിച്ചം ക്രമീകരിക്കാം

ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു കാരണം കൂടുതലായി കണ്ണിനു ഫോക്കസ് ചെയ്യേണ്ടിവരുമെന്നതാണ്.

3. പുസ്തകം പിടിക്കുന്ന രീതി

കണ്ണില്‍നിന്ന് 12-14 സെന്റീമീറ്റര്‍ അകത്തിപ്പിടിച്ച്‌ പുസ്തകം വായിക്കുന്നതാണ് ഉചിതം. മറ്റേത് രീതിയിലും വായിക്കുന്നതും എഴുതുന്നതും കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. മലര്‍ന്നും കമിഴ്ന്നും കിടന്നും വായിക്കുന്നതും അടുത്തുപിടിച്ച്‌ വായിക്കുന്നതും നല്ലതല്ല. ടെലിവിഷന്‍ വീക്ഷിച്ചുകൊണ്ട് വായിക്കുന്നതും ശരിയായ രീതിയല്ല. തുടര്‍ച്ചയായിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതും ടെലിവിഷന്‍ കാണുന്നതും എഴുതുന്നതും വായിക്കുന്നതും കണ്ണിന് ആയാസം വര്‍ധിപ്പിക്കും.

4. കണ്ണിനുവേണം വ്യായാമം

കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കണ്ണിന് ഉന്മേഷം നല്‍കാന്‍ ഈ ലളിത വ്യായാമങ്ങള്‍ സഹായിക്കും. അല്പ സമയം എഴുന്നേറ്റു നടക്കുക്കുക, ദൂരേയ്ക്കു നോക്കുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. കൃഷ്ണമണി എല്ലാവശങ്ങളിലേക്കും ചുറ്റിക്കുന്നത് നല്ലൊരു വ്യായാമമാണ്. കണ്ണിന്റെ ഉള്‍പ്പേശികള്‍ക്ക് ബലമേകാന്‍ ഇത് സഹായിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നതും നല്ലതാണ്. കണ്ണിനെ വരള്‍ച്ച അനുഭവപ്പെടുന്നവര്‍ക്ക് കൃത്രിമ കണ്ണുനീര്‍ ഫലപ്രദമാണ്.

5. അധ്യാപകര്‍ക്ക് ശ്രദ്ധിക്കാം, പരിശോധിക്കാം

കുട്ടികളില്‍ കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അധ്യാപകര്‍ക്കു കണ്ടെത്താം. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോവുക, ബോര്‍ഡില്‍ എഴുതിയത് കാണാന്‍ കഴിയാതെ വരിക, പുസ്തകം ചേര്‍ത്തുപിടിച്ചു വായിക്കുക എന്നീ ലക്ഷണങ്ങളിലൂടെ അധ്യാപകര്‍ക്ക് കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ മനസിലാക്കാവുന്നതാണ്. ഒരു ക്ലാസിലെ കുട്ടികളുടെ കാഴ്ച പരിശോധന ടീച്ചര്‍മാര്‍ക്ക് സ്വയം നടത്താം. നല്ല വെളിച്ചമുള്ള മുറിയില്‍ ബോര്‍ഡില്‍ വലിയ അക്ഷരത്തിലും ചെറിയ അക്ഷരത്തിലും എഴുതുക. ക്ലാസിന്റെ ഏറ്റവും പുറകിലായി കുട്ടിയെ നിര്‍ത്തി വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും മാറി മാറി വായിപ്പിക്കണം. ഉള്ളം കൈകൊണ്ട് ഒരു കണ്ണ് നന്നായി പൊത്തിപിടിച്ചു വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും ബോര്‍ഡിലെ എല്ലാവരികളും വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും കാഴ്ചത്തകരാറുള്ളതായി മനസിലാക്കാം.

6. പരിശോധന നിര്‍ബന്ധം

കാഴ്ച തകരാറുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ കാണിച്ചു പരിശോധന നടത്തണം. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും കണ്ണടകള്‍ ഉപയോഗിക്കണം. കുട്ടികള്‍ കണ്ണിന് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാതാപിതാക്കളും ഉറപ്പുവരുത്തണം. വെളിച്ചമുള്ള മുറിയിലിരുന്ന് ടി.വി കാണുക, കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളം ഇലക്കറികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നല്ലേ ചൊല്ല്. കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കുക.

Back to top button
error: