ത്രിപുരയിൽ ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിനുപിന്നാലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഡോ. മണിക് സാഹയെയാണ് പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
മണിക് സാഹ നിലവിൽ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എംപിയുമാണ്. ദന്ത ഡോക്ടറായ അദ്ദേഹം കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിപ്ലവ് കുമാർ ഇന്നാണ് രാജിവച്ചത്. ഗവർണർ എസ്.എൻ. ആര്യക്ക് രാജിക്കത്ത് സമർപ്പിച്ചതായി ശനിയാഴ്ച ബിപ്ലവ് കുമാർ തന്നെയാണ് അറിയിച്ചത്. രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാർട്ടി എല്ലാറ്റിനും ഉപരിയാണ്. താൻ ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാണ്. ബിജെപി സംസ്ഥാന അധ്യക്ഷനായാലും ത്രിപുര മുഖ്യമന്ത്രിയായാലും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോട് താൻ നീതി പുലർത്തിയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിപ്ലവ് കുമാർ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ബിപ്ലവ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, രാജി ബിജെപി ആവശ്യപ്രകാരമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിപ്ലവ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജിയുണ്ടായിരിക്കുന്നത്.