BusinessTRENDING

നാലാം പാദത്തില്‍ 272 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി.

കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍, സ്വര്‍ണ, വാഹന വായ്പകള്‍ എന്നിവയില്‍ പ്രതീക്ഷിച്ചതു പോലെ വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷം ബിസിനസ് വായ്പകള്‍, സ്വര്‍ണ വായ്പകള്‍, എസ്എംഇ മേഖല എന്നിവയ്ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. മികച്ച റേറ്റിങ്ങുള്ള പോര്‍ട്ട്ഫോളിയോയും ഗുണമേന്മയും നിലനിര്‍ത്തുന്ന കോര്‍പറേറ്റ് ബാങ്കിങ് ഇടപാടുകാരെ ബാങ്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ വിതരണത്തില്‍ 4.04 ശതമാനം വളര്‍ച്ച കൈവരിച്ചു. 61,816 കോടി രൂപയാണിത്. കാര്‍ഷിക വായ്പകള്‍ 14.46 ശതമാനവും സ്വര്‍ണ വായ്പകള്‍ 19.64 ശതമാനവും വര്‍ധിച്ചു. വാഹന വായ്പകളില്‍ 29.76 ശതമാനമാണ് വര്‍ധന.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: