CrimeNEWS

പോക്സോ കേസില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍; ലൈംഗീക അതിക്രമ പരാതി ഉന്നയിച്ചത് നിരവധി പേര്‍

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതിയായ മുന്‍ അധ്യാപകന്‍ കെ.വി. ശശികുമാര്‍ അറസ്റ്റില്‍. വയനാട്ടില്‍ ഒളിവിലിരിക്കേയാണ് മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാര്‍ പിടിയിലായത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴാം ദിവസമാണ് കെ വി ശശികുമാറിനെ അറസ്റ്റ് ചെയ്യാനായത്. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശശികുമാറിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഒരു പോക്സോ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ കാലയളവില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മുന്‍കാലത്ത് സ്കൂളില്‍ പഠിച്ചവരും സമാനമായ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ഡിഡിഇയില്‍ നിന്ന് വിശദ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യുവജനസംഘടകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് വൈകിയതിലും മുന്‍ കൗണ്‍സിലറെ സിപിഎം സംരക്ഷിച്ചെന്നും ആരോപിച്ചായിരുന്നു മലപ്പുറത്ത് എംഎസ്എഫ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പൊലീസ്  ലാത്തിവിശി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം സിപിഎം പുറത്താക്കിയിരുന്നു.

Back to top button
error: