IndiaNEWS

പാര്‍ട്ടിയിൽ നവീകരണം അനിവാര്യം, ചിന്തൻ ശിവിര്‍ പുതിയ തുടക്കമാവും: സോണിയ

ദില്ലി: തുട‍ര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും തിരികെ കേറാനും ദുര്‍ബലമായ സംഘടന സംവിധാനം ഉടച്ചുവാര്‍ക്കാനുമുള്ള വഴി തേടി കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ചിന്തൻ ശിവര്‍ രാജസ്ഥാനിൽ ഉദയ്പുരിൽ തുടങ്ങി. കാലഘട്ടത്തിനും പുതിയ വെല്ലുവിളികൾക്കും അനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കുകയും പ്രവര്‍ത്തനരീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചിന്തിൻ ശിവിറിന് തുടക്കം കുറിച്ച് കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

ബിജെപി ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുകയും ചെയ്യുകയാണ്. സംഘടനയെ ഉടച്ചുവാര്‍ക്കുക എന്നതാണ് ഇപ്പോൾ നമ്മുടെ മുന്നിലെ അടിയന്തരവിഷയം. നമ്മുടെ പ്രവ‍ര്‍ത്തന രീതികളെ ആ നിലയിൽ മാറ്റേണ്ടതുണ്ട്.

ചിന്തൻ ശിവ‍ിരത്തിൽ അഭിപ്രായങ്ങൾ തുറന്നു പറയണമെന്ന് നിങ്ങളെല്ലാവരോടും ഞാൻ അഭ്യര്‍ത്ഥിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നുമുള്ള സന്ദേശം നമ്മുക്ക് രാജ്യത്തിന് നൽകാനാവണം.

“വ്യക്തിപരമായ അഭിലാഷങ്ങൾക്ക് മുകളിൽ സംഘടന നിലനിർത്തണം. പാർട്ടി നമ്മുക്ക് ഒരുപാട് നൽകിയിട്ടുണ്ട്, ആ കടപ്പാടും നന്ദിയും കാണിക്കേണ്ട സമയമാണിത്,” സോണിയ ഗാന്ധി പറഞ്ഞു. ചിന്തിൻ ശിവിറിൻ്റെ ആമുഖ പ്രസംഗത്തിലും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സോണിയ ഗാന്ധി നടത്തിയത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഇവിടെ നടക്കുന്നത്. നമ്മുടെ ചരിത്രം തന്നെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് ഇന്നിപ്പോൾ നടക്കുന്നത്.

“മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുക, ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള നേതാക്കൾ ചെയ്ത പ്രവർത്തനങ്ങളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയുക.. ഇതൊക്കെയാണ് സ‍ര്‍ക്കാരിൻ്റെ താത്പര്യങ്ങൾ. ജനാധിപത്യത്തെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ നടക്കുന്നത്.

ഇന്ത്യയെ പലതായി വിഭജിക്കാനുള്ള ശ്രമങ്ങൾ വളരെ ശക്തമായി ഇവിടെ നടക്കുന്നുണ്ട്. എന്നാൽ എല്ലാ കാര്യത്തിലും വാചാലനായ നമ്മുടെ പ്രധാനമന്ത്രി വളരെ ഗൗരവമുള്ള ഈ വിഷയത്തിൽ തികഞ്ഞ മൗനമാണ് പാലിക്കുന്നത്. രാജ്യത്തിൻ്റെ ബഹുസ്വരതയേയും ഐക്യത്തേയും ദുര്‍ബലമാക്കുന്ന കാര്യമാണിതെല്ലാം.

ബിജെപിയേയും ആ‍ര്‍എസ്.എസിനേയും വിമ‍ര്‍ശിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമുണ്ട്. എന്നാൽ ഇവിടുത്തെ ജനങ്ങൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. കൊവിഡ് മഹാമാരിയിൽ ജീവിതം കീഴ്മേൽ മറിഞ്ഞ ഈ രണ്ടു വ‍ര്‍ഷങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായത് യുപിഎ സര്‍ക്കാരുകൾ കൊണ്ടു വന്ന രണ്ടു പദ്ധതികളാണ്. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷ പദ്ധതിയും. എന്നാൽ ഇന്നിപ്പോൾ ഈ രണ്ട് പദ്ധതികളുടെയും പിതൃത്വം ഏറ്റെടുക്കാനാണ് മോദി സ‍ര്‍ക്കാരിൻ്റെ ശ്രമം.

സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായി എൻ്റെ സഹപ്രവ‍ര്‍ത്തകര്‍ ചിന്തിൻ ശിവിറിനെ ഉപയോഗിക്കണം. ഐക്യത്തിൻ്റെ സന്ദേശമാണ് ഈ ഒത്തുചേരൽ നൽകുന്നത്. പുതിയ ഊർജ്ജവും, ആത്മവിശ്വാസവും ,ദൃഢനിശ്ചയുവുമായാവണം ചിന്തൻ ശിബിരത്തിന് ശേഷം എല്ലാവരും മടങ്ങാനെന്നും സോണിയ ഗാന്ധി പറഞ്ഞു.

ചിന്തിൻ ശിവിറിൽ സോണിയ ഗാന്ധിയുടെ ആമുഖ പ്രസംഗത്തിന് ശേഷം പാര്‍ട്ടിയുടെ പുനരുദ്ധാരണത്തിനായിനിര്‍ദേശങ്ങൾ സമര്‍പ്പിക്കാൻ ചുമതലപ്പെട്ട ആറു സമിതികളുടെ ചര്‍ച്ചകൾ ആരംഭിക്കും. ഒരോ സമിതിയും തങ്ങളുടെ നിര്‍ദേശങ്ങൾ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കും. പിന്നീട് ഇതേക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കും.

Back to top button
error: