BusinessTRENDING

വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അരാംകോ

വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നിരുന്നു. ഓഹരി വില വര്‍ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു.

ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനത്തോളം വര്‍ധനയാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിപണി മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഒരേയൊരു അമേരിക്കന്‍ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ.

ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്. ഈ പട്ടികയില്‍ 1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് മൂന്നാമത്. ആല്‍ഫബറ്റ്, ആമസോണ്‍, ടെസ്ല, ബെര്‍ക്ഷെയര്‍ ഹതാവേ, മെറ്റാ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, യുണൈറ്റഡ് ഹെല്‍ത്ത് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Back to top button
error: