KeralaNEWS

രാജ്യദ്രോഹക്കുറ്റം: കേരളത്തിൽ 41 കേസ് ;ഭൂരിഭാഗം കേസുകളിലും യു.എ.പി.എ.യും

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റക്കേസുകൾ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തിൽ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

ഭൂരിഭാഗവും മറ്റു കേസുകൾക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരു കോളേജ് വിദ്യാർഥിയുടെപേരിൽ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനിൽക്കുന്നുണ്ട്. മാവോവാദിസാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും.

Signature-ad

വയനാട് ജില്ലയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരിൽ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഒാരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പല കേസുകളും വിചാരണാഘട്ടത്തിലുമാണ്.

യു.എ.പി.എ. ഉൾപ്പടെയുള്ള കേസുകൾക്കൊപ്പമാണ് 40 കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനാൽ ഈ വകുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തിയാലും കേസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ മാത്രം ജാമ്യത്തിന് കോടതിയെ സമീപിക്കാനാകും.

കണ്ണൂർ കേളകത്ത് നടന്ന മാവോവാദി പ്രവർത്തനങ്ങളുടെപേരിൽ എടുത്ത കേസുകളിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് ചുമത്തിയത്. 2015-ൽ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്ത്‌ ലഘുലേഖ വിതരണം ചെയ്തവരുടെപേരിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.

2016-ൽ എറണാകുളത്ത് മുതിർന്ന രാഷ്ട്രീയനേതാക്കൾ ഉൾപ്പടെയുള്ളവരെ കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ആളുടെപേരിലും രാജ്യദ്രോഹക്കുറ്റവും ഉൾപ്പെടുത്തി കേസെടുത്തിരുന്നു. തൃശ്ശൂരിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകർക്കത്തക്ക തരത്തിലുള്ള പോസ്റ്റർ പതിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയുടെപേരിൽ യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി.

മലപ്പുറം ജില്ലയിലെ ഒരു കോളേജിന്റെ വരാന്തയിൽ രാജ്യവിരുദ്ധമായ പോസ്റ്റർ പതിച്ചുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിയുടെപേരിൽ രജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റംമാത്രം ചുമത്തിയിരുന്നു. പിന്നീട് ജാമ്യം കിട്ടി.

Back to top button
error: