BusinessTRENDING

രൂപയുടെ മൂല്യത്തകര്‍ച്ച; കമ്പനികള്‍ വില വര്‍ധനവിലേക്കോ?

രൂപയുടെ മൂല്യം ഇടിയുകയും ചരക്കുകളുടെ വില കുതിച്ചുയരുകയും ചെയുന്നത് വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. അവശ്യ സാധനങ്ങളുടെ വിലയോടൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. വില വര്‍ധനവിന്റെ ഭീഷണി നിലനില്‍ക്കുമ്പോള്‍ ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ഒരു അധിക സമ്മര്‍ദ്ദമായി വന്നിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്കാണ് പ്രധാനമായും ഇത് തിരിച്ചടിയാകുന്നത്.

മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വില വര്‍ദ്ധന നടത്തിയെങ്കിലും, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തേക്ക് വരുന്ന ചരക്ക് വിതരണത്തെ അത് ബാധിച്ചു. ഈ മാസം തന്നെ അടുത്ത റൗണ്ട് വിലവര്‍ദ്ധനവ് നടത്തേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ കാര്‍ നിര്‍മ്മാതാക്കളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, ഇപ്പോഴുള്ള ആഘാതം ഉള്‍ക്കൊള്ളുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയോടെ ഇന്‍പുട്ട് കോസ്റ്റ് സമ്മര്‍ദ്ദം ഉയര്‍ന്നതായി ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഹെയര്‍ ഇന്ത്യ പ്രസിഡന്റ് സതീഷ് എന്‍എസ് പറഞ്ഞു. കഴിഞ്ഞ മാസത്തെ 3 ശതമാനം വര്‍ദ്ധനവിന് ശേഷം ഈ മാസം മുതല്‍ കമ്പനി വില 3-5 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനകം, അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ രണ്ട് മാസമായി 8-10% വരെ ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയോടെ, ഈ വിടവ് ഞങ്ങള്‍ നികത്തേണ്ടതുണ്ട്. മിക്കവാറും എല്ലാ കമ്പനികളുടെയും മാര്‍ജിനുകള്‍ ഗുരുതരമായ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് കാലമായി ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം അമ്പരപ്പിക്കുന്നതായി സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ച തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്വാധീനം ചെലുത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്കുള്ള അധിക ചിലവ് കുറയ്ക്കുന്നതിനുള്ള തന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജൂണില്‍ അടുത്ത ചരക്ക് വരുമ്പോള്‍ കമ്പനി അതിന്റെ വിലയില്‍ രൂപയുടെ സ്വാധീനം ചെലുത്തുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ് കമല്‍ നന്ദി പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ 77 രൂപയില്‍ തുടരുകയാണ്. ഇത് ഒരു ഡോളറിന് 75 രൂപ എന്ന നിരക്കില്‍ നേരത്തെ വില നിശ്ചയിച്ചിരുന്ന ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കി. അതേസമയം പ്രാദേശിക കറന്‍സിയുടെ മൂല്യത്തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ രൂപയുടെ ആഘാതം ഉള്‍ക്കൊള്ളില്ലെന്നും ഈ മാസം മുതല്‍ തന്നെ വില 3-5 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മാര്‍ക്കറ്റ് റിസര്‍ച്ചര്‍ ഐഡിസി ഇന്ത്യയുടെ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് പറഞ്ഞു. പണപ്പെരുപ്പം മൂലം കഴിഞ്ഞ പാദം മുതല്‍ ഡിമാന്‍ഡ് കുറഞ്ഞു വരികയാണെന്നും ഉപഭോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പുതുക്കുന്നത് മാറ്റിവയ്ക്കുകയാണ്. ഈ വില വര്‍ദ്ധനവ് ഡിമാന്‍ഡില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഇറക്കുമതി ചെയ്തതോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുകയോ ചെയുന്ന സാധന സേവനങ്ങളുടെ വില കുതിച്ചുയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: