KeralaNEWS

കോട്ടയം കോതനല്ലൂരിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍

ടുത്തുരുത്തി: കോതനല്ലൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ബോംബേറില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുട്ടുചിറ ചെത്തു കുന്നേല്‍ വീട്ടില്‍ അനന്തു പ്രദീപ്, കൊണ്ടൂകുന്നേല്‍ രതുല്‍, കുറുപ്പന്തറ പഴയമഠം കോളനിയില്‍ വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ്, പള്ളിത്തറ മാലിയില്‍ ശ്രീലേഷ്, തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് അക്ഷയ് എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.

സംഭവത്തില്‍ പോലീസ് നടത്തിയ ആസൂത്രിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസില്‍ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവര്‍ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിലാണ് അനന്തുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കോതനല്ലൂര്‍ സ്വദേശിയായ ഗോകുലിനെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതും ബോംബെറ് ആസൂത്രണം ചെയ്തതും എന്ന് പൊലീസ് പറഞ്ഞു. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും.

ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളുടെ വൈദ്യപരിശോധന അടക്കം പോലീസ് പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. സ്ഫോടനത്തിന് പിന്നാലെ സി.സി.ടി.വി. കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് തുണയായത്. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് സമീപത്ത് ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തിയ ദിവസമാണ് വീണ്ടും സ്ഫോടനമുണ്ടായത്.

അതുകൊണ്ടുതന്നെ ആ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. സ്ഫോടനത്തില്‍ ഞരളക്കാട്ട് തുരുത്തേല്‍ സാജു, ജേക്കബ് മാത്യു, കുഞ്ഞച്ചന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് പോലീസ് കേസില്‍ അന്വേഷണം ആ വഴിക്ക് നീക്കിയത്.

കടുത്തുരുത്തി എസ്.എച്ച്‌.ഒ. രഞ്ജിത്ത് വിശ്വനാഥന്‍, എസ്.ഐ. ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ബോംബ് സ്ഫോടനം ഉണ്ടായ അന്ന് രാത്രി തന്നെ പൊലീസ് ഈ മേഖലയില്‍ വിശദമായ തിരച്ചില്‍ നടത്തി. ഇതിനെത്തുടര്‍ന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത്. ഗോകുലിനെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇതോടെയാണ് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: