BusinessTRENDING

ലക്ഷ്യം 3,000 കോടി രൂപ; ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. വ്യാഴാഴ്ച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു.

ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഫ്യുച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 33.3 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് വില്‍ക്കാനുദ്ദേശിക്കുന്നുണ്ട്. വ്യത്യസ്ത ഇടപാടുകളിലൂടെ, ലൈഫ് ഇന്‍ഷുറന്‍സില്‍ അവശേഷിക്കുന്ന 33 ശതമാനം ഓഹരികള്‍ ജെനറലി ഗ്രൂപ്പിനും മറ്റൊരു ഇന്ത്യന്‍ കമ്പനിക്കുമായി 400 കോടി രൂപയ്ക്ക് വില്‍ക്കാനാണുദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഈ ഇടപാടുകളിലൂടെ 2,950 കോടി രൂപ സമാഹരിച്ച് വായ്പാദാതാക്കള്‍ക്ക് നല്‍കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.

Back to top button
error: