വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടൻ ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിന്റ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു.
ജോജു ജോർജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. സംഭവം സംബന്ധിച്ച് ജോയിന്റ് ആർടിഒയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു.