KeralaNEWS

ഉറ്റവരുടെ കണ്ണീര്‍ തോരുന്നില്ല; ഇനിയെത്ര തെരയണം രാജനെ കണ്ടെത്താൻ? സംശയങ്ങള്‍ ഇങ്ങനെ

സൈലന്‍റ് വാലി സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ  കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. വനം വകുപ്പിന്റെയും പൊലീസിന്‍റെയും വിവിധ ദൗത്യ സംഘങ്ങൾ വനമേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ഉറ്റവന്‍റെ നിരോധാനത്തിന്‍റെ ഞെട്ടലിലാണ് കുടുംബംവും സുഹൃത്തുക്കളും നാടും.

മെയ് മൂന്ന്. രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ് രാജൻ. പിറ്റേന്ന് രാവിലെയാണ് രാജനെ കാണാനില്ലെന്ന വിവരം സഹപ്രവർത്തകർ തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ സമീപത്താകെ തെരച്ചിൽ തുടങ്ങി. ക്യാമ്പിന്‍റെ അടുത്തു നിന്ന് രാജന്‍റെ ഉടുമുണ്ടും ടോർച്ചും ചെരുപ്പും കണ്ടെടുത്തു.  ഇവയിൽ നിന്ന് സൂചനകൾ ഒന്നും കിട്ടിയില്ല.

കാണാതായ പിറ്റേ ദിവസം തന്നെ അമ്പതോളം പേരടങ്ങുന്ന സംഘം പ്രദേശത്തിന്‍റെ 500 മീറ്റർ ചുറ്റളവിൽ തെരച്ചിൽ തുടങ്ങി. കാടും കാട്ടുപാതയും നന്നായി അറിയുന്ന ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ. പ്രദേശമാകെ നിബിഡ വനം ആയതിനാൽ വൈകീട്ട് ആറു മണിയോടെ ഇരുട്ട് കടുക്കും. ഇത് തെരച്ചിലിന് തിരിച്ചടിയായി.

രണ്ടാം ദിനം  പൊലീസിന്‍റെ തണ്ടർ ബോൾട്ട്, വനംവകുപ്പിന്‍റെ ആർആർടി അംഗങ്ങൾ, വാച്ചർമാർ എന്നിവരടങ്ങുന്ന 150ഓളം പേർ വനത്തിൽ ഒരു കിലോമീറ്ററോളം തെരച്ചിൽ വ്യാപിപ്പിച്ചു. വന്യമൃഗം ആക്രമിച്ചിട്ടുണ്ടോ എന്നായിരുന്നു കാര്യമായും പരിശോധിച്ചത്. വൈകീട്ട് ഇരുട്ട് പരന്നപ്പോഴേക്കും രാജന്‍റെ നിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നും കിട്ടിയില്ല. ഇരുട്ടിനൊപ്പം നിരാശമാത്രം ബാക്കിയായി.

വനവും കാട്ടുപാതയും നന്നായി പരിചയമുള്ള രാജൻ കാട്ടിൽ കുടുങ്ങിയതാകില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വനംവകുപ്പ്. അതിനാൽ കാൽപ്പാടുകൾ അടക്കം ഓരോന്നും സസൂക്ഷ്മം കണ്ടെത്തി. തെരച്ചിൽ നടത്തുന്ന പ്രത്യേകം സംഘം വയനാട്ടിൽ നിന്നെത്തി. അവരും ആദ്യം പരിശോധിച്ചത് മൃഗങ്ങളുടെ ആക്രമണ സാധ്യതയാണ്. കടുവയുടെയോ മറ്റ് നരഭോജികളായ മൃഗങ്ങളുടെ സഞ്ചാര ദിശ അടക്കം മനസ്സിലാക്കാൻ പ്രത്യേകം പരിശീലനം നേടിയവരായിരുന്നു സംഘത്തിൽ.

എന്നാൽ കാണാതായ ദിവസം പെയ്ത കനത്ത മഴയിൽ  എന്ത് അടയാളം ഉണ്ടെങ്കിലും മാഞ്ഞുപോകാം എന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. കാടിനകത്തെ അസാധാരണ മണം, ഉൾവനങ്ങളിലെ പാറക്കൂട്ടങ്ങൾ എന്നിവയെ കുറിച്ച് നന്നായി അറിയുന്ന ആദിവാസി വാച്ചർമാരുടെ സഹായം തേടിയിട്ടും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. സ്നിഫർ ഡോഗുകൾ, ഡ്രോണുകൾ അടക്കം സജ്ജീകരണം ഒരുക്കിയുള്ള തെരച്ചിലും ഇതുവരെ ഫലവത്തായില്ല.

രണ്ട് സംശയങ്ങളാണ് സൈലന്‍റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്. സാധാരണ വന്യമൃഗങ്ങൾ ആക്രമിച്ചാൽ പരമാവധി ഒരു കിലോമീറ്ററിനുള്ളിൽ മാത്രമേ തെളിവുകൾ കിട്ടൂ. എന്നാൽ, തെരച്ചിൽ ഒരു കിലോ മീറ്ററിനപ്പുറവും പിന്നിട്ടിട്ടുണ്ട്. അതിനാൽ വന്യജീവി ആക്രമണ സാധ്യത വിരളമാണ്. പരിശീലനം കിട്ടിയ വാച്ചറെന്ന നിലയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ രാജൻ തീർച്ചയായും പ്രതിരോധിച്ചിരിക്കും.

അത് തെളിയിക്കുന്നതൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊന്ന്  രാജന്‍റെ മുണ്ടും ടോർച്ചും ചെരിപ്പും കിട്ടിയിരുന്നു. പക്ഷേ ധരിച്ച ഷർട്ട് കിട്ടിയിട്ടില്ല. ഇതാണ് വനംവകുപ്പിനെ കൂടുതൽ കുഴയ്ക്കുന്നത്. രാജന്‍റെ തിരോധാനത്തിൽ അഗളി പൊലീസ് എടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണവും ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും തിരോധാന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: