ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്ബ്സൈറ്റ് ആണ് ഫേസ്ബുക്ക്. ദിനം പ്രതി ആയിരങ്ങളാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി മാറുന്നത്. അതോടോപ്പം വ്യാജ അക്കൗണ്ടുകളും പെരുകി വരുന്നുണ്ട്. ഫേസ്ബുക്ക് പുറത്തുവിട്ട കണക്കു പ്രകാരം മൊത്തം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഏകദേശം 68 മില്ല്യന്‍ വ്യാജമാണ്. ഇത്തരം വ്യാജ അക്കൗണ്ട് ആഡ് ചെയ്തു പുലിവാലു പിടിച്ചവരും കുറവല്ല. യാതൊരു മുന്‍പരിചയവുമില്ലാത്ത പലരില്‍ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് ലഭിക്കാറുണ്ടാകും. അതില്‍ പലതും സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം യഥാര്‍ഥ പ്രൊഫൈലുകളാണൊ എന്ന് ഉറപ്പു പറയാനാകുമോ. ഒരിക്കലുമില്ല. മാത്രമല്ല, വ്യാജ പ്രൊഫൈലുകള്‍ ധാരാളം ഉണ്ടാവുകയും ചെയ്യും.ചിലപ്പോള്‍ ഈ വ്യാജന്‍മാര്‍ ചാറ്റിംഗിലൂടെ നിങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും , വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തേക്കാം.
പലതരത്തിലാണ് വ്യാജ അക്കൗണ്ടുകൾ.
വെറുതെ മറ്റുള്ളവരെ പറ്റിക്കാന്‍ വേണ്ടി ഒരു തമാശക്കുണ്ടാക്കുന്നത്.
പ്രേമിക്കുന്നവര്‍ക്കിടയില്‍ മറ്റുള്ളവരെ നിരീക്ഷിക്കാൻ വേണ്ടി.
ഗ്രൂപ്പുകളില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഉടായിപ്പ് പേരുകള്‍,
തീവ്രവാദ ആവശ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നവ,
ഹാക്കിംഗ് പോലുള്ള ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ക്ക് ഉണ്ടാകുന്നവ,
സൈറ്റ് പ്രമോഷനും , പരസ്യം ഇടാനും മറ്റു SEO വര്‍ക്കുകള്‍ക്കും ഉണ്ടാക്കുന്ന തട്ടിക്കൂട്ട് പ്രൊഫൈലുകള്‍
ഇങ്ങനെ പോകുന്നു വ്യാജൻമാർ.ഫേസ് ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിൽ ഉപയോഗിക്കാറുണ്ട് പലരും. മലയാള സിനിമയിലെ നായികമാരില്‍ തുടങ്ങി വ്യാജ ഗ്രൂപ്പ് എന്ന ഗ്രൂപ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഒരു മുഖം മൂടി ഇട്ടു കഴിഞ്ഞാല്‍ എന്തും പറയാം എന്ന ധൈര്യം പകരുന്ന ഈ ഫേക്ക് ഐഡികള്‍ ഫേസ് ബുക്ക് എന്ന വലിയ സ്റ്റേജില്‍ സഭാകമ്പം എന്ന വലിയ കടമ്പ കടക്കുന്നു. വൈറലാകുന്ന പല വാര്‍ത്തകളുടെ ഉറവിടം ഈ വ്യജമാര്‍ ആണെന്നതില്‍ യാതൊരു സംശയവും വേണ്ട .
ഒരു പരിധിവരെ ശ്രദ്ധിച്ചു പരിശോധിച്ചാല്‍ ഇവയെ പെട്ടെന്ന് തിരിച്ചറിയാനാകും.
ഏതാനും ചില മാര്‍ഗങ്ങള്‍ നോക്കാം
പ്രൊഫൈല്‍ പിക്ചര്‍ പരിശോധിക്കുക:
ആകെ ഒരൊറ്റ പ്രൊഫൈല്‍ പിക്ചര്‍ മാത്രമേ അക്കൗണ്ടില്‍ ഉള്ളൂവെങ്കില്‍ ,കൂടാതെ അത് സുന്ദരിയായ ഒരു സിനിമാ നടി/ സുന്ദര പുരുഷന്‍ കൂടിയാണെങ്കില്‍ വ്യാജമാണെന്ന് ഉറപ്പിക്കാം. വ്യാജ അക്കൗണ്ടുകളുടെ ഫോട്ടോ ഫോള്‍ഡറില്‍ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കാണാനാകും. അതില്‍ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുക.അശ്ലീല ചിത്രങ്ങളോ , പാവകളുടെ ചിത്രങ്ങളോ ഒക്കെ ആണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതെങ്കില്‍ അത് വ്യാജനാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ടൈംലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക:
വളരെ കാലമായി ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താതിരിക്കുക, പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമ്മന്റ് അടിക്കാതിരിക്കുക ഇതൊക്കെ വ്യാജന്റെ ലക്ഷണങ്ങളാണ്. 43% ഫെയ്ക്കുകളും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാനാണ് എന്നതാണ് കണക്ക്. കൂടാതെ വാളില്‍ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങള്‍ കാണുകയും അതിനാരും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെങ്കിലും അതൊരു വ്യാജൻ ആയിരിക്കും.
റിസെന്റ് ആക്റ്റിവിറ്റികള്‍ നോക്കുക :
ഒരു പേജും ലൈക്ക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്‍റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജൻ ആയിരിക്കും.അപ്‌ഡേഷനുകളോ , പോസ്റ്റുകളോ ഒന്നും അക്കൗണ്ടിലില്ല എന്നു മാത്രമല്ല അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ ആരെന്നോ ഇതില്‍ അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല . ഫോളോവേഴ്‌സോ , നാമമാത്രമായ ഫ്രണ്ട്‌സും ആയിരിക്കും ഈ അക്കൗണ്ടുകളില്‍ ഉള്ളത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വരുന്ന റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.
ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക :
ഒരു ഫിമെയില്‍ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ ഒരു പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണങ്ങളാണ്.
ഒരു പെണ്‍ പ്രൊഫൈലില്‍ ഒരുപാടു ഫ്രണ്ട്സും, ഫോളോവേഴ്സും ഉണ്ടെങ്കില്‍ വ്യാജനുള്ള സാധ്യത വളരെ കൂടുതലാണ്.
ജനുവരി 1 ആണോ പ്രൊഫൈലിന്‍റെ ബര്‍ത്ത്ഡേ എന്ന് പരിശോധിക്കുക. വലിയൊരു ശതമാനം വ്യാജ ഐഡികളുടെയും ജനനതീയതി 1/1/xxxx അല്ലെങ്കില്‍ 31/12/xxxx ആയിരിക്കും. കാരണം ടൈപ്പ് ചെയ്യാനെളുപ്പമുള്ളതാണ് ഇത്തരം തീയതികള്‍ എന്നത് കൊണ്ടാണ്..
ഫോണ്‍ നമ്പര്‍ ഉണ്ടോ എന്ന് നോക്കുക.ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വ്യക്തിഗത വിവരങ്ങളില്‍ ഫോണ്‍നമ്പര്‍ ഉണ്ടെങ്കില്‍ ഉറപ്പിച്ചോ അതൊരു വ്യാജനാകാനാണ് സാധ്യത. സാധാരണ ഗതിയില്‍ വലിയൊരു ശതമാനം പെണ്‍കുട്ടികളും തങ്ങളുടെ ഫോണ്‍ നമ്പര്‍ പബ്ലിക് ആയി നല്‍കാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നതു തന്നെയാണ് ഇതിന്‍റെ കാരണം.
പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കുക. മഹാ ഭൂരിപക്ഷം വ്യാജ അക്കൗണ്ട് പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തതായിരിക്കും. അതുകൊണ്ട് തന്നെ ഇമേജ് സേര്‍ച്ച് ചെയ്താല്‍ പിക്ചറിന്‍റെ ഒറിജിനല്‍ സോഴ്സ് കണ്ടെത്താം. ഇതിനായി പ്രൊഫൈല്‍ പിക്ച്ചറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലക്റ്റ് ചെയ്താല്‍ മതി. കുറച്ചു കൂടി നല്ല സൂക്ഷ്മതയോടെയുള്ള സേര്‍ച്ച് ആണ് വേണ്ടതെങ്കില്‍ റിവേര്‍സ് ഇമേജ് സേര്‍ച്ച് പ്രയോജനപ്പെടുത്താം.
പ്രൊഫൈലിന്‍റെ ‘About’ ടാബ് പരിശോധിക്കുക:
കാര്യമായ ഒരു വിവരങ്ങളും ഇവിടെ നല്‍കിയിട്ടില്ലെങ്കില്‍ അത് വ്യാജൻ്റെ ലക്ഷണങ്ങളാണ്. കൂടാതെ ‘Work and Education’ വിവരങ്ങള്‍ പരിശോധിക്കുക. സ്കൂളും, കോളേജും തോന്നിയ പോലെയാണ് സെലെക്റ്റ് ചെയ്തിരിക്കുന്നതെങ്കിലും അതൊരു വ്യാജ അക്കൗണ്ട് ആയിരിക്കും.ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരുടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആവ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്‌കൂള്‍, കോളേജ്, സിറ്റി) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.
റിപ്പോര്‍ട്ട് ചെയ്യുക:
ഇത്തരം ഒരു പ്രൊഫൈല്‍ വ്യാജം ആണെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണമായും ബോധ്യപ്പെട്ടാല്‍ ആ കാര്യം നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കിനെ നേരിട്ടറിയിച്ചു വ്യാജന് എട്ടിന്‍റെ പണി കൊടുക്കാവുന്നതാണ്. ‘ റിപ്പോര്‍ട്ട് ചെയ്യുക’ എന്നതാണിതിനു പറയുക. കുറെ ആളുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഫേസ്ബുക്ക് തന്നെ ആ അക്കൗണ്ട് ബ്ലോക്ക് ആക്കിക്കോളും. ഇതിനായി ആ പ്രൊഫൈലിന്‍റെ കവര്‍ഫോട്ടോയുടെ വലതു ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്തു റിപ്പോര്‍ട്ട് സെലെക്റ്റ് ചെയ്യുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും ‘Report this account’ സെലെക്റ്റ് ചെയ്തു continue ചെയ്യുക.
ചിലര്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാലാകാം പ്രൊഫൈലില്‍ അതു നല്‍കാത്തത്. അതുകൊണ്ടുതന്നെ അടുത്തപടി ടൈം ലൈന്‍ പരിശോധിക്കുക എന്നതാണ്. ആ വ്യക്തിയുടെ പോസ്റ്റുകളും , ഷെയറുകളും നോക്കിയാല്‍ ഏകദേശ ധാരണ ലഭിക്കും.ആ വ്യക്തിയുടെ പോസ്റ്റുകള്‍ക്ക് ലഭിച്ച ലൈക്കുകളും , കമന്റുകളും , ഷെയറുകളും നോക്കുക. മാന്യമായ രീതിയിലും ഗൗരവമുള്ളതുമായ പോസ്റ്റുകളും ,കമന്റുകളുമാണ് അതില്‍ കാണുന്നതെങ്കില്‍ അത് ശരിയായ പ്രൊഫൈല്‍തന്നെ ആയിരിക്കും. മാറിച്ചാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.
ഫോട്ടോ ആല്‍ബം പരിശോധിക്കാം. ഫോട്ടോയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ പ്രൈവസി സെറ്റിംഗ്സ് പബ്‌ളിക്ക് ആക്കിയവരുടെ ആല്‍ബങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കു. ചിലപ്പോൾ പ്രൊഫൈല്‍ ലോക്ക് ആയിരിക്കും.
ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി ഏതെങ്കിലും സുഹൃത്തുക്കള്‍ (മ്യൂച്വല്‍ ഫ്രണ്ട്സ്) ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടോ എന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലിന്റെ സാധുത പരിശോധിക്കാവുന്നതാണ്.
ഇത്തരം വ്യാജ അക്കൗണ്ടിനു ഉദാഹരണമാണ് ജെയിംസ് ബോണ്ട് , നാറാണത്ത് ഭ്രാന്തന്‍ ,
കുരുട്ടു ബുദ്ധിയുള്ള തെന്നാലിരാമന്‍, അശ്വതിഅച്ചു തൂടങ്ങിയ ചില അക്കൗണ്ടുകള്‍.