തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചത്. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.