NEWSWorld

ട്വിറ്റർ വാങ്ങാൻ ട്രംപിന്റെ ‘പ്രോത്സാഹനം’; അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്ന് മസ്ക്

വാഷിങ്ടൻ:  മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങുന്നതിനു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പ്രോത്സാഹിപ്പിച്ചു’ എന്ന റിപ്പോർട്ട് തള്ളി ഇലോൺ മസ്ക്. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണ് എന്നായിരുന്നു മസ്ക്കിന്റെ പ്രതികരണം. ആജീവനാന്തകാലത്തേക്കു ട്രംപിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്.

ട്രംപിന്റെ സ്വന്തം സമൂഹമാധ്യമ ആപ്പായ ട്രൂത്ത് സോഷ്യൽ സിഇഒ ഡെവിൻ ന്യൂൺസിനെ ഉദ്ധരിച്ചു ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ട്വിറ്ററിനെ വാങ്ങാൻ മസ്കിനെ ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു എന്നായിരുന്നു ഡെവിന്റെ വാക്കുകൾ. ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഈ വാർത്തയ്ക്കു മറുപടിയായാണു നിഷേധക്കുറിപ്പുമായി മസ്ക് രംഗത്തുവന്നത്. യുഎസിലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണു ട്രംപിനെ ട്വിറ്റർ വിലക്കിയത്.

‘ഇതു വ്യാജമാണ്. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും ഉണ്ടായിട്ടില്ല’– മസ്ക് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് 44 ബില്യൻ ഡോളറിനു മസ്ക് ട്വിറ്ററിനെ വാങ്ങിയത്. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക്, ട്വിറ്ററിൽ എന്തൊക്കെ മാറ്റങ്ങളാണു ഏർപ്പെടുത്തുകയെന്നതിൽ ടെക് ലോകത്തിന് ഇനിയും വ്യക്തതയില്ല. പുതിയ നേതൃത്വം വരുന്നതോടെ ട്രംപിനു ട്വിറ്ററിലേക്കു മടങ്ങിവരാനാകുമെന്നു സംസാരമുണ്ട്.

Back to top button
error: