കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോർണർ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു. ഇതോടെ ഇന്റർപോളിന്റെ വെബ്സൈറ്റിൽ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടും.
റെഡ്കോർണർ നോട്ടിസ് പുറത്തുവന്നാൽ നിയമപരമായി വിജയ്ബാബുവിനെ പിടികൂടി ദുബായ് പൊലീസ് ഇന്ത്യയിലേക്കു മടക്കി അയയ്ക്കും. ഇതു മുൻകൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു വിജയ്ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
പൊലീസിന്റെ പുതിയ നീക്കം വിജയ്ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കും. വിദേശ മുതൽമുടക്കുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സ്ത്രീപീഡനക്കേസിലെ പ്രതികൾക്കു പങ്കാളിത്തമുള്ള സിനിമകൾ വിലയ്ക്കു വാങ്ങി പ്രദർശിപ്പിക്കാറില്ല. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾക്കും വിദേശ ഉടമകൾക്കും വാറന്റിന്റെ പകർപ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്.
സഹോദരൻ പ്രതിയായ ഗാർഹിക പീഡനക്കേസിൽ കൂട്ടുപ്രതിയാക്കപ്പെട്ട ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖിക്കു ജാമ്യം ലഭിച്ചിട്ടു പോലും സമാന സാഹചര്യം നേരിട്ടിരുന്നു. കോടതി നവാസുദ്ദീനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് അദ്ദേഹം പങ്കാളിയായ സിനിമകൾ വാങ്ങാൻ ഒടിടി കമ്പനികൾ തയാറായത്.