കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോ ക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കേട്ടിട്ടില്ലേ പാട്ട്.പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിലേതാണ്.ഒരു കാലത്ത് നമ്മുടെ മുറ്റത്തും വേലിയിലും ധാരാളം പടർന്ന് കയറിയിരുന്ന ഒരു കാട്ടു വള്ളിയായിരുന്നു കുന്നി.ഇന്ന് ഇവ കിട്ടാ കനിയായി മാറിയിരിക്കുന്നു. വംശ നാശം നേരിടുന്ന ചെടികളുടെ കൂട്ടത്തിൽ കുന്നിയും ഉൾപ്പെട്ടു .വളരെ ഉയരത്തിൽ പടരുന്ന ഒരു വള്ളിച്ചെടിയാണിത്.തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ് .കുന്നിയുടെ വിത്തിന് കുന്നിക്കുരുവിന് വളരെയധികം വിഷാംശം ഉണ്ട് .എങ്കിലും ഇതിന്റെ വിത്തും വേരും ഇലയും തണ്ടും ഏറെ ഔഷധമൂല്യം ഉള്ളതാണ്.
കുന്നി രണ്ട് തരമുണ്ട് വെളുപ്പും കറുപ്പും, കറുപ്പും ചുവപ്പും .കുന്നിച്ചെടിയുടെ വേരിനും ഇലയ്ക്കും മധുര രസമാണ്.കുന്നി ഇലകൾക്ക് വാളൻ പുളി യുടെ ഇലയോട് സാദൃശ്യമുണ്ട് .കുന്നിയുടെ വിത്തിനെ കുന്നിമണി എന്നും വിളിക്കും.
കുന്നിമണിയിൽ ആബിൻ എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു.എങ്കിലും ഇതിന്റെ ഇലയും കായും നേരിയ അളവിൽ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്.ശോധനക്കും, ലൈംഗിക ഉത്തേജനത്തിനും ഒക്കെ. ചവക്കാതെ പൊട്ടിക്കാതെ അതെ പടി വിഴുങ്ങിയാൽ അതപ്പാടെ മലത്തിൽക്കൂടി പുറത്തു പോവും. പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല.നേരെമറിച്ച് ചവച്ചരച്ചു കഴിച്ചാൽ ഒരെണ്ണം മതി പരലോകത്ത് എത്താൻ. ഇതിലെ അപകടകാരിയായ ഘടകം ”അബ്രിൻ” എന്ന വിഷമാണ്. ആദ്യം ഇത് ഛർദിയും വയറിളക്കവും ഉണ്ടാക്കും. അത് കഴിഞ്ഞ് ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത്. ഹൃദയതാളം തെറ്റും. അതിന്റെ പ്രവർത്തനം ആകെ തകരാറിൽ ആവും.ചിലപ്പോൾ ഞരമ്പുകളെയും കിഡ്നിയെയും ബാധിക്കും. മരണം സംഭവിക്കാൻ 90 മുതൽ 120 മില്ലിഗ്രാം വരെ പൊടി ഉള്ളിൽ ചെന്നാൽ മതി, അതായത് ഒന്നോ രണ്ടോ കുരു.
കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വേവിച്ചിട്ട് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ ശുദ്ധിയാകം. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി.
പനി , ചർമ്മ രോഗങ്ങൾ ,നീര് എന്നിവയ്ക്ക് മരുന്നാണ് കുന്നി.
കുന്നി കുരു അരച്ച് തേൻ ചേർത്ത് വാതമുള്ളിടത്ത് തേച്ചാൽ വാതം കൊണ്ടുള്ള നീര് മാറി കിട്ടും .
കുന്നിയിലയും പഞ്ചസാരയും ചേർത്ത് വായിലിട്ട് ചവച്ചിറക്കിയാൽ ചുമ ശമിക്കും .
തേൾ പഴുതാര വിഷത്തിന് കുന്നിയില അരച്ച് ആ ഭാഗത്ത് പുരട്ടിയാൽ നീര് ശമിക്കും.
മറുമരുന്ന്: കുന്നി ഇല സമൂലം കഴിച്ച് ചർദ്ദിയോ വയറിളക്കമോ വന്നാൽ പശുവിൻ പാൽ കുടിച്ചാൽ മതിയാവും.