കണ്ണൂർ: ഡി.ഐ.ജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ. വ്യാഴാഴ്ച 12 മണിയോടെ ഡി.ഐ.ജി രാഹുൽ ആർ. നായർ ക്യാമ്പ് ഓഫീസിൽനിന്നും പോകും വഴി കോർപ്പറേഷൻ ഓഫീസിന് മുന്നിലുണ്ടായിരുന്ന പോലീസുകാർ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.
കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകരും പ്രതിപക്ഷ വിഭാഗത്തിൽപ്പെട്ടവരും മേയർ ടി.ഒ മോഹനനെ ഉപരോധിച്ചിരുന്നു. സംഘർഷത്തെ തുടർന്നാണ് പോലീസ് എത്തിയത്. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡി.ഐ.ജി അതുവഴി കടന്നുപോയത്.
ഡി.ഐ.ജിയുടെ ഓഫീസിലാണ് എല്ലാവർക്കും ശിക്ഷയായി ഏഴു ദിവസം പൂർണമായി പാറാവ് ഡ്യൂട്ടി നൽകിയത്. യൂണിയൻ ഇടപെട്ട് ഡ്യൂട്ടി ഒരു ദിവസമായി കുറച്ചതായും പറയുന്നുണ്ട്.
സംഘർഷത്തിനിടയിൽ ഡി.ഐ.ജി കടന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പോലീസുകാർ പറയുന്നത്.