KeralaNEWS

കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി വച്ചു; ടെക്നോ പാര്‍ക്കിൽ പബ്ബ് അനുവദിക്കുന്നതിലെ തര്‍ക്കമെന്ന് സൂചന

തിരുവനന്തപുരം: കൊവിഡ് ഭീതി അകന്ന ശേഷം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖല കുതിപ്പിലേക്ക് ഉയരുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് കേരള ഐടി പാര്‍ക്ക് സിഇഒ സ്ഥാനമൊഴിയുന്നത്. ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും അമേരിക്കയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ജോൺ എം തോമസും പറഞ്ഞു.

പകരം സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും. അതേ സമയം ടെക്നോ പാര്‍ക്കിൽ പബ്ബ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി തര്‍ക്കം ഉണ്ടായെന്നും ഈ തര്‍ക്കമാണ് അടിയന്തര രാജി തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.എന്നാൽ ഇത് ഐടി സെക്രട്ടറിയും ടെക്നോപാര്‍ക്ക് സിഇഒയും ആരോപണ വിധേയനായ ബാറുടമയും നിഷേധിക്കുകയാണ്.

Signature-ad

തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റേയും, കൊച്ചി ഇൻഫോ പാര്‍ക്കിന്‍റേയും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റേയും  ചുമതല ജോൺ എം തോമസിനാണ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ  സിഇഒയുമാണ്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമെ രാജിക്കാര്യത്തിൽ തുടര്‍ തീരുമാനം ഉണ്ടാകു.

പബ്ബുകള്‍ക്ക് വഴിയൊരുക്കുന്നത് പുതുക്കിയ മദ്യനയം

പുതിയ മദ്യനയമനുസരിച്ച് 10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക്  പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന്  ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ മദ്യ നയം പുതുക്കിയത്.നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം 60000 പേർ ജോലി ചെയ്യുന്നുണ്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവർക്കായി മദ്യശാലകൾ തുറക്കുന്നത്, കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.ഐടി പാർക്കുകള്‍ക്കുള്ള ബാർ ലൈസൻസും പഴ വർഗങ്ങളിൽ നിന്നുള്ള മദ്യ ഉൽപ്പാദനവുമായിന്നു പുതിയ മദ്യനയത്തിലെ പ്രധാന നിർദ്ദേശങ്ങള്‍.

Back to top button
error: