പത്തനംതിട്ട: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ലോറി പിടികൂടാനായി പെട്ടെന്ന് പിന്നോട്ടെടുത്ത പൊലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. പഴകുളം പടിഞ്ഞാറ് കുലച്ചാതിവിള കിഴക്കേതിൽ ഉഷ (60), മകൾ രാജി (32) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 6.45ന് കെപി റോഡിൽ പഴകുളം ജംക്ഷനു സമീപത്തായിരുന്നു അപകടം.
പഴകുളം ജംക്ഷനു സമീപത്തായി കിടക്കുകയായിരുന്ന പൊലീസ് ജീപ്പ് കണ്ട് കെപി റോഡിൽ നിന്ന് കനാൽ റോഡിലേക്ക് തിരിഞ്ഞ മണ്ണ് കയറ്റിയ ലോറി പിടികൂടാനായി ജീപ്പ് പെട്ടെന്ന് പിന്നിലേക്ക് എടുക്കുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.