CrimeNEWS

നൂറനാട് സംഘർഷം: 9 സിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും

ആലപ്പുഴ: നൂറനാട് സി പി ഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒന്പത് പേർ കൂടി അറസ്റ്റിലായി. കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനു ഖാൻ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ എഐവൈഎഫിന്‍റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്‍റുമാരും ഉള്‍പ്പെടുന്നു.

കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ 9 സിപിഐ- എഐവൈഎഫ് നേതാക്കൾ കൂടി അറസ്റ്റിലായതോടെ ആകെ പിടിയിലായ സിപിഐക്കാരുടെ എണ്ണം 11 ആയി. എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്‍റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്‍റ് അംജാദ്, ഷാനു മസുദ് അനുകരക്കാട് ,മുരളികൃഷ്ണൻ, അരുൺ കരിമുളയ്ക്കൽ എന്നിവരും പിടിയലായവരില്‍ ഉള്‍പ്പെടുന്നു. പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഓഫീസ് ആക്രമണത്തിന് സോളമൻ പ്രേരണ നൽകിയെന്നും അക്രമത്തിൽ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തതെന്നാണ് പൊലീസ് വിശദീകരണം. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഓഫീസ് ആക്രമണ കേസിലെ പ്രതികളായ സി പി ഐ പ്രവർത്തകരേയും പൊലീസിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ കോൻഗ്രസ് പ്രവർത്തകരേയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് പൊലീസ് ഉടൻ അപേക്ഷ നൽകും. ഇവരെ കോടതി ഇന്നലെ രാത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

Back to top button
error: