NEWS

പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവിനെ ദില്ലി പോലീസ് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു; സഹായത്തിന് ഹരിയാന പോലീസും

ദില്ലി: ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല.എന്നാൽ അരവിന്ദ് കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് കൂടിയായ പ്രതിയെ ദില്ലിയിൽ എത്തി കസ്റ്റഡിയിൽ എടുത്ത പഞ്ചാബ് പോലീസിൽ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ച് ദില്ലി പോലീസ്.

രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ദില്ലിയിലെ ബിജെപി നേതാവായ തജിന്ദര്‍ ബഗ്ഗയെ വീട്ടില്‍ ‍നിന്ന് അറസ്റ്റ് ചെയ്തത്.വിദ്വേഷം, മതവൈരം, തുടങ്ങിയവക്കൊപ്പം കെജ്രിവാളിനെ വധിക്കുമെന്ന ട്വീറ്റിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു അറസ്റ്റ്.

 

തജ്ജീന്ദ‍ര്‍ ബഗ്ഗ അറസ്റ്റിന് വഴങ്ങാതെ വന്നതോടെ ചെറിയ ബലപ്രയോഗം പഞ്ചാബ് പൊലീസിന് വേണ്ടി വന്നു. പിന്നാലെ മകനെ തട്ടിക്കൊണ്ട് പോയെന്ന് തജ്ജിന്ദര്‍ ബഗ്ഗയുടെ പിതാവ് ദില്ലി പൊലീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അപ്പോഴെക്കും പഞ്ചാബ് പൊലീസ് സംഘം ദില്ലി അതിര്‍ത്തി കടന്ന് ഹരിയാനയില്‍ എത്തിയിരുന്നു. ദില്ലി പൊലീസിന്റെ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയില്‍ വച്ച്‌ പഞ്ചാബ് പൊലീസ് സംഘത്തെ ഹരിയാന പൊലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നും പഞ്ചാബ് പൊലീസ് പറഞ്ഞുവെങ്കിലും ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല.ദില്ലി പൊലീസ് എത്തിച്ചേരുന്നതു വരെ പഞ്ചാബ് പൊലീസ് സംഘത്തെ കുരക്ഷേത്രയില്‍ തടഞ്ഞു വെച്ചു.

 

 

 

ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു.വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദര്‍ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ‌ഞ്ചാബ് പൊലീസ് തജ്ജിന്ദര്‍ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്റെ ആരോപണം.എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥ‍ര്‍ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു.വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് പഞ്ചാബ് പോലീസിന്റെ തീരുമാനം.

Back to top button
error: